ഗവർണറുടെ നയപ്രഖ്യാപനം ഇന്ന്;ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

രാവിലെ 9ന് നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗം വായിക്കും.സർക്കാർ ഗവർണർക്കു വായിക്കാനായി തയാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽ, സമീപകാലത്ത് സർക്കാരിനെ ഏറ്റവുമധികം കടന്നാക്രമിച്ച ഗവർണർക്കെതിരെ പരാമർശമില്ലെന്നാണു സൂചന. എന്നാൽ, ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ചെന്നും അർഹമായ ധനവിഹിതം കേരളത്തിനു നൽകുന്നില്ലെന്നുമുള്ള കേന്ദ്രത്തിനെതിരായ രൂക്ഷ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും.

സർവകലാശാലകളിലെ ഇടപെടലിന്റെ പേരിൽ നവകേരള സദസ്സിലടക്കം നാടുനീളെ ഗവർണറെ വിമർശിച്ച സർക്കാർ തൽക്കാലം ഒത്തുതീർപ്പിലെത്തിയ മട്ടിലാണ്. ഇതു നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കത്തിലും പ്രതിഫലിക്കുമോ എന്ന് ഇന്നറിയാം. കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ഗവർണർ വായിക്കുമോ എന്നും കാത്തിരുന്നു കാണണം. വായിച്ചില്ലെങ്കിലും സർക്കാർ തയാറാക്കിയ പ്രസംഗം സഭാരേഖകളിൽ വായിച്ചതായി ഇടംപിടിക്കും. സഹകരണ മേഖല, ഉന്നത വിദ്യാഭ്യാസം, ഐടി തുടങ്ങിയ മേഖലകൾക്ക് ഉൗന്നൽ നൽകുന്ന നയപ്രഖ്യാപനമാണ് സർക്കാർ കൈമാറിയത്. അഭിസംബോധന മലയാളത്തിലാക്കി എന്നതൊഴിച്ചാൽ ഗവർണർ പ്രസംഗത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

ഇന്നു മുതൽ മാർച്ച് 27 വരെ ബജറ്റ് സമ്മേളനം ചേരാനാണ് തീരുമാനം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് 5ന് മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. ഓർഡിനൻസുകൾക്കു പകരമുള്ള മൂന്നെണ്ണമുൾപ്പെടെ എട്ടു ബില്ലുകൾ സമ്മേളന കാലയളവിൽ പരിഗണിക്കും. ഇപ്പോഴത്തെ ഷെഡ്യൂൾ പ്രകാരം ആകെ 32 ദിവസം സഭ ചേരും.

Top