മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം, തമിഴ്‌നാട്ടില്‍ പ്രതിഷേധം

ചെന്നൈ: കേരള നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് എതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന പ്രഖ്യാപനമാണ് പ്രതിഷേധത്തിന് കാരണം. ഗവര്‍ണറുടെ പ്രഖ്യാപനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. വിഷയം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കണമെന്നാണ് തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം.

കേരളത്തിന്റെ പുതിയ പ്രഖ്യാപനത്തെ എതിര്‍ക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനും വ്യക്തമാക്കി. പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന കേരളത്തിന്റെ പ്രഖ്യാപനം ഏകപക്ഷീയമാണ്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്‌നാടിന്റെ ഉടമസ്ഥാവകാശം ഒരു കാരണവശാലും വിട്ടുനല്‍കില്ല. മുല്ലപ്പെരിയാറിന് ബലക്ഷയമില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതാണ്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കേരള സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും അതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ദുരൈ മുരുകന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ നദിയില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന ഗവര്‍ണറുടെ പ്രസംഗത്തിലെ കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് എഎംഎംകെ നേതാവ് ടിടിവി ദിനകരനും ആരോപിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ നിലനിര്‍ത്താന്‍ അണക്കെട്ടിന് ശക്തിയുണ്ടെന്ന അവകാശവാദം കാറ്റില്‍ പറത്തുന്നതാണ് കേരള ഗവര്‍ണറുടെ പ്രഖ്യാപനം. ഇത് സുപ്രീം കോടതിക്ക് അപമാനമാണെന്നും അദ്ദേഹം ടിടിവി ദിനകരന്‍ ചൂണ്ടിക്കാട്ടുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടുമായി ചര്‍ച്ച തുടരുമെന്നും പുതിയ അണക്കെട്ട് പണിയുമെന്നുമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറുടെ പരാമര്‍ശം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നുമായിരുന്നു ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കിയത്.

Top