കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ഗവര്‍ണറുടെ തെളിവെടുപ്പ് ഇന്ന്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ഗവര്‍ണറുടെ തെളിവെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 12.30 ന് രാജ്ഭവനിലാണ് തെളിവെടുപ്പ് നടക്കുക. ഗവര്‍ണര്‍ നാമനിര്‍ദേശം നല്‍കിയ ഡോ. പി രവീന്ദ്രന്‍, ഡോ ടി എം വാസുദേവന്‍ എന്നിവരുടെ പത്രിക റിട്ടേണിങ് ഓഫീസര്‍ കൂടിയായ രജിസ്ട്രാര്‍ തളളിയതിന് പിന്നാലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. നോമിനേഷന്‍ തള്ളിയ പ്രൊഫസര്‍ രവീന്ദ്രനും പ്രൊഫസര്‍ വാസുദേവനും നേരിട്ട് ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാകും. രജിസ്ട്രാരും വൈസ് ചാന്‍സലറും ഓണ്‍ലൈനായും പങ്കെടുക്കും. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഡോ. പി രവീന്ദ്രന്‍, ഡോ ടി എം വാസുദേവന്‍ എന്നിവര്‍ അധ്യാപക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ചവരല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. എന്നാല്‍ സര്‍വകലാശാല ചട്ടപ്രകാരം സെനറ്റ് അംഗങ്ങള്‍ക്ക് സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. വാസുദേവനെ വകുപ്പ് മേധാവി എന്ന നിലയിലും രവീന്ദ്രനെ ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് നാമനിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്രിക സമര്‍പ്പിച്ചതെന്നും രാജ്ഭവന്‍ വ്യക്തമാക്കിയിരുന്നു.

യൂണിവേഴ്‌സിറ്റി അധ്യാപക മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കുവാനാണ് തങ്ങളുടെ പട്ടിക തള്ളിയത് എന്നായിരുന്നു അധ്യാപകരുടെ പരാതി. സെനറ്റ് അംഗങ്ങള്‍ക്ക് സിന്‍ഡിക്കേറ്റില്‍ മത്സരിക്കാനുള്ള അവസരം യൂണിവേഴ്‌സിറ്റി നിയമത്തില്‍ നിഷേധിച്ചിട്ടില്ലായിരിക്കെ അധ്യാപകരായ ഇവര്‍ രണ്ടുപേരുടെയും നാമദേശ പത്രിക തള്ളിയത് ബോധപൂര്‍വമാണെന്നും ഇത് കീഴ് വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചത്. പത്രിക നിരസിച്ചതിന്റെ കാരണം രേഖാമൂലം നല്‍കാന്‍ റിട്ടേണിംഗ് ഓഫീസറും വൈസ് ചാന്‍സലറും വിസമ്മതിച്ചതായും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top