ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തന്നെ തുടരും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്‌ക്കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം അതിശക്തമായി തുടരുമെന്നും കേരള നിയമസഭയേയും കേരളത്തേയും അപമാനിച്ച ഗവര്‍ണറുമായി സര്‍ക്കാരും സ്പീക്കറും കൈകോര്‍ത്തിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശക്തമായ പ്രതിഷേധത്തിന് ശേഷം ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു.

ഞങ്ങള്‍ വളരെ മാന്യമായി പ്രതിഷേധിക്കുന്നവരാണ്. എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ഉപയോഗിച്ച് ഞങ്ങളെ നേരിടുകയാണ് ചെയ്തത്. കേരള നിയമസഭയുടെ അന്തസ് ഉയര്‍ത്തി പിടിക്കാന്‍ എന്തു കൊണ്ട് സ്പീക്കറും മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ല. കേരള ഗവര്‍ണര്‍ ആര്‍എസ്എസ്-ബിജെപി ഏജന്റിനെ പോലെ പെരുമാറുന്നുവെന്നും ചെന്നിത്തല തുറന്നടിച്ചു.

അടുത്ത ആഴ്ച്ച ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം ഇവിടെ ജസ്റ്റിസ് പിഎസ് സദാശിവം എന്നൊരു ഗവര്‍ണര്‍ ഉണ്ടായിരുന്നുവെന്നും മാതൃകപരമായ പെരുമാറ്റമാകട്ടെ, മാന്യതയാവട്ടെ ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അദ്ദേഹം തന്റെ കാലാവധി പൂര്‍ത്തിയാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.

Top