ഗവർണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്

തിരുവനന്തപുരം: സർക്കാരും പ്രതിപക്ഷവും ബഹിഷ്കരിച്ച ​ഗവർണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന് നടക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വിരുന്നിൽ പങ്കെടുക്കില്ല. ബിഷപ്പുമാർ, മറ്റു മത നേതാക്കൾ, കലാ സാഹിത്യ സാംസ്‌കാരിക ചലച്ചിത്ര മേഖലകളിലെ പ്രമുഖർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, വ്യവസായ വാണിജ്യ പ്രതിനിധികൾ തുടങ്ങിയവരെയാണ് ​ഗവർണർ വിരുന്നിനായി ക്ഷണിച്ചിട്ടുള്ളത്. ഡിസംബർ 17ന് വൈകുന്നേരം കൊച്ചിയിലും ഗവർണറുടെ വക ക്രിസ്മസ് സംഗമവും വിരുന്നും നടക്കുന്നുണ്ട്.

മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ഉണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഡൽഹിയിലായതിനാലാണ് പങ്കെടുക്കാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ വർഷം മതമേലധ്യക്ഷന്മാരെയും സാംസ്‌കാരിക നായകരെയും മാത്രമാണ് ക്രിസ്മസ് ആഘോഷത്തിനു ഗവർണർ ക്ഷണിച്ചിരുന്നത്.

ഗവർണർക്കെതിരെയുള്ള നിലപാട് മയപ്പെടുത്തേണ്ട എന്നാണ് സർക്കാർ തലത്തിലുള്ള തീരുമാനം. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താനുള്ള ബിൽ ഇന്നലെ നിയമസഭ പാസാക്കിയിരുന്നു.

Top