പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍; വിശദീകരണം തേടി ആരോഗ്യവകുപ്പിന് കത്തയച്ചു

തിരുവനന്തപുരം: നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍. ബില്ലില്‍ കൂടുതല്‍ വിശദീകരണം തേടി ആരോഗ്യവകുപ്പിന് കത്തയച്ചു. ആയുഷ് വിഭാഗം ബില്ലിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കത്തിന് മറുപടി നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

1939 ലെ മദ്രാസ് പബ്‌ളിക് ഹെല്‍ത്ത് ആക്ടും 1955 ലെ തിരുകൊച്ചി പബ്‌ളിക് ഹെല്‍ത്ത് ആക്ടും സംയോജിപ്പിച്ചാണ് ഏകീകൃത പൊതുജനാരോഗ്യ ബില്‍ കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയത്. പകര്‍ച്ചപ്പനി പ്രതിരോധത്തിന് ഉള്‍പ്പടെ പൊതുജനാരോഗ്യ നിയമം നിലവില്‍ വരേണ്ടത് സംസ്ഥാനത്ത് അനിവാര്യമാണ്. അടിയന്തര സാഹചര്യം ഉണ്ടായിട്ടുപോലും ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ കടുത്ത അതൃപ്തിയാണ് സര്‍ക്കാരിന് ഉള്ളത്. ഇതിന് പിന്നാലെയാണ് ബില്ലില്‍ കൂടുതല്‍ വ്യക്തത തേടി ഗവര്‍ണര്‍ ആരോഗ്യവകുപ്പിന് കത്തയച്ചത്.

ആയുഷ് വിഭാഗത്തെ അപ്രസക്തമാക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടിയത്. റൂള്‍സ് ഒഫ് ബിസിനസ് പ്രകാരം ഇത് ഗവര്‍ണറുടെ അധികാര പരിധിയില്‍ പെടുന്നതല്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഉന്നയിച്ച സംശങ്ങളില്‍ വ്യക്തത വരുത്തി ആരോഗ്യ വകുപ്പ് മറുപടി നല്‍കിയിട്ടുണ്ട്

നിയമ വകുപ്പുമായി കൂടി ആലോചിച്ചാണ് ആരോഗ്യ വകുപ്പ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. ആരോഗ്യമേഖലയിലെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനാരോഗ്യ ബില്‍ അനിവാര്യമാണെന്നിരിക്കെ ഗവര്‍ണറില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

 

 

Top