ബില്‍ ഒപ്പിടാതെ ഗവര്‍ണര്‍, ‘ചെക്ക്’ വെച്ച് സര്‍ക്കാര്‍; വയനാട്ടില്‍ 251 പേര്‍ക്ക് അദാലത്തിലൂടെ ഭൂമി തരംമാറ്റി നല്‍കി റവന്യൂവകുപ്പ്

തിരുവനന്തപുരം: ഭൂമി തരംമാറ്റല്‍ വേഗത്തിലാക്കാന്‍ നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ഒപ്പിടാത്ത ചെക്ക് വെച്ച് സര്‍ക്കാര്‍. വയനാട്ടില്‍ മാത്രം 25 സെന്റില്‍ താഴെ ഭൂമിയുള്ള 251 പേര്‍ക്ക് അദാലത്തിലൂടെ ഭൂമി തരംമാറ്റി നല്‍കി റവന്യൂവകുപ്പ്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെയാണ് സര്‍ക്കാരിന്റെ നീക്കം. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പനമരത്ത് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു.

25 സെന്റില്‍ താഴെ ഭൂമിയുള്ള 251 പേര്‍ക്കാണ് വയനാട്ടില്‍ മാത്രം തരംമാറ്റി നല്‍കിയത്. ഭൂമി തരംമാറ്റലിനായി റവന്യൂ വകുപ്പിന് മുന്നിലെത്തിയത് 3,74,218 അപേക്ഷകളാണ്. ഇതില്‍ 1,16, 432 അപേക്ഷകള്‍ പരിഹരിച്ചതായി മന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് അപേക്ഷകളെത്തിയത്. എല്ലാ അപേക്ഷകളിലും അതിവേഗം തീരുമാനമുണ്ടാകുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഭൂമി തരംമാറ്റല്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് നിയമസഭയില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഐക്യകണ്‌ഠേനെ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല. തരംമാറ്റല്‍ വൈകുമെന്നായതോടെയാണ് പരിഹാരം തേടി റവന്യൂവകുപ്പ് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം 25 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക. അദാലത്തുകള്‍ മുഖേനെ വയനാട്ടിലെ അപക്ഷേകള്‍ക്കെല്ലാം പരിഹാരം കണ്ടെത്താനായെന്ന് റവന്യൂ മന്ത്രി അറിയിച്ചു. ഫോം ആറ് പ്രകാരമുള്ള അപേക്ഷകളിലാണ് തീര്‍പ്പാക്കല്‍ നടക്കുന്നത്. നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ 68 ജൂനിയര്‍ സൂപ്രണ്ടുമാരേയും 181 ക്ലാര്‍ക്കുമാരേയും നിയമിച്ചിട്ടുണ്ടെന്നും പുതിയ അപേക്ഷകളിലും അതിവേഗ തീരുമാനം ഉണ്ടാകുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ അപേക്ഷകളെത്തിയ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസില്‍ ഫെബ്രുവരി 17ന് അദാലത്ത് അവസാനിക്കും.

Top