മാര്‍ക്ക് ദാന വിവാദം; ഗവര്‍ണ്ണറുടെ തെളിവെടുപ്പ് ജനുവരി ആദ്യവാരം

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനത്തില്‍ ഗവര്‍ണ്ണറുടെ തെളിവെടുപ്പ് ജനുവരി ആദ്യവാരം രാജ്ഭവനില്‍ നടക്കും. സാങ്കേതിക സര്‍വ്വകലാശാലയില്‍ ചട്ടം ലംഘിച്ച് മൂന്നാം മൂല്യനിര്‍ണ്ണയത്തിലൂടെ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച സംഭവത്തിലാണ് ജനുവരി ആദ്യവാരം ഗവര്‍ണ്ണറുടെ ഹിയറിംഗ് നടക്കുന്നത്. ആദ്യഘട്ട തെളിവെടുപ്പിന് ശേഷമാകും ഉന്നതവിദ്യാഭ്യാസമന്ത്രിയില്‍ നിന്നും വിശദീകരണം തേടുന്നതില്‍ തീരുമാനമെടുക്കുക.

മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥി, പരാതി നല്‍കിയ സേവ് യൂണിവേഴിസ്റ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍, കെ ടി യു വിസി എന്നിവരെയാണ് വിളിപ്പിക്കുന്നത്. നിലവില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയെ ഹിയറിംഗിലേക്ക് വിളിക്കുന്നില്ല. പക്ഷെ മൂന്നാം മൂല്യനിര്‍ണ്ണയത്തിന് നിര്‍ദ്ദേശിച്ച മന്ത്രിയുടെ ഇടപെടലിനെ
കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരാതിക്കാരന്‍ തെളിവെടുപ്പില്‍ നല്‍കാനിടയുണ്ട്. അങ്ങനെയെങ്കില്‍ അടുത്ത ഘട്ടത്തില്‍ മന്ത്രിയെ വിളിപ്പിക്കുകയോ വിശദീകരണം തേടുകയോ ചെയ്യും.

അതേസമയം നിലവിലെ വിവാദങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് നാളെ ചേരുന്ന വിസിമാരുടെ യോഗത്തില്‍ ഗവര്‍ണ്ണര്‍ മുന്നറിയിപ്പ് നല്‍കും. അടിക്കടി തുടരുന്ന മാര്‍ക്ക് ദാനവിവാദങ്ങളില്‍ പരസ്യമായ താക്കീത് നല്‍കിയതിന് പിന്നാലെയാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ വിസിമാരുടെ യോഗം വിളിച്ചത്. കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ ഗവര്‍ണ്ണര്‍ കൂടുതല്‍ ഇടപെടല്‍ പ്രഖ്യാപിക്കും.

Top