പഞ്ചാബിൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റി

ചണ്ഡിഗഢ് : സംസ്ഥാനത്തെ സർവകലാശാലയുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നൽകികൊണ്ടുള്ള ബിൽ പാസാക്കി പഞ്ചാബ് നിയമസഭ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവർണർ ബൻവാരിലാൽ പുരോഹിതും തമ്മിലുള്ള അസ്വാരസ്യം മുറുകുന്നതിനിടയിലാണ് പഞ്ചാബ് സർവകലാശാല നിയമഭേദഗതി ബിൽ 2023 നിയമസഭ പാസാക്കിയത്.

ഭരണകക്ഷിയായ ആംആദ്മി പാർട്ടിക്കു പുറമേ ശിരോമണി അകാലിദൾ, ബിഎസ്പി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ബിൽ അവതരണത്തിനു മുൻപ് കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്കരിച്ചിരുന്നു.

വൈസ് ചാൻസലർമാരെ നിയമിക്കുന്നതടക്കമുള്ള നിരവധി വിഷയങ്ങളിൽ മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവർണർ ബൻവരിലാൽ പുരോഹിതും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ആംആദ്മി സർക്കാരിന്റെ പുതിയ നീക്കം. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന നിയമസഭാ സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്.

Top