എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണ്ണർ; 16 മുതൽ കാലിക്കറ്റ് സർവകലാശാല ​ഗസ്റ്റ് ഹൗസിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണ്ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണ്ണർ. 16 ന് കോഴിക്കോടെത്തുന്ന 18 വരെ ഗവർണ്ണർ താമസിക്കുന്നത് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐ പ്രഖ്യാപനം വന്നതോടെ താമസം ക്യാമ്പസ്സിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. കാറിന് മുന്നിലേക്ക് എസ്എഫ്ഐക്കാർ ചാടിയാൽ താൻ ഇറങ്ങിവരുമെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.

കേരളത്തിലെ ഒരു ക്യാമ്പസിലും ഗവർണർ കയറില്ലെന്നും അദ്ദേഹത്തെ തടയുമെന്നുമായിരുന്നു എസ്എഫ്ഐയുടെ പ്രസ്താവന. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. അക്രമ സംഭവം ഒന്നും നടന്നിട്ടില്ല. പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല. വാഹനത്തിന് മുന്നിൽ ചാടുക എന്ന സമരം ഉണ്ടാകില്ല. വാഹനത്തെ സ്പർശിക്കാതെയുള്ള ജാഗ്രത എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുലർത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു. ഞങ്ങൾക്കാരും വിവരം ചോർത്തി നൽകണ്ട. മൂന്നു വഴികൾ വഴിയാണ് ഗവർണർ പോകുന്നത്. ആ വഴികളിൽ എസ്എഫ്ഐക്കാരുണ്ടായിരുന്നു. ഒരു പൊലിസിന്റേയും സഹായം എസ്എഫ്ഐക്ക് വേണ്ടെന്നും ആര്‍ഷോ പറഞ്ഞു.

Top