പ്രതിപക്ഷം ഭരണഘടന വായിക്കണം; ഇന്ത്യ ബനാന റിപ്പബ്ലിക്കല്ല: ഗവര്‍ണര്‍

കോഴിക്കോട്: ഇന്ത്യ ബനാന റിപ്പബ്ലിക്കല്ല, മികവുറ്റ ജനാധിപത്യരാജ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷം ഭരണഘടന വായിക്കുകയും കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

ഞാനും മന്ത്രിയായിരുന്ന ആളാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആരോടും പ്രത്യേക താല്‍പര്യങ്ങള്‍ കൂടാതെ സേവനങ്ങള്‍ ചെയ്യുമെന്നാണ് താന്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. റൂള്‍ ഓഫ് ലൊ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത സംസ്‌കാരങ്ങളും ആചാരങ്ങളും വൈവിധ്യങ്ങളുള്ള രാജ്യവുമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നാമെല്ലാം ഇന്ത്യക്കാരാണ്. പിന്നെ എങ്ങനെയാണ് ഏതെങ്കിലും വിഭാഗത്തിനു മാത്രമായി പ്രത്യേക പരിഗണന നല്‍കാനാകുക. അത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം വീണ്ടും കാര്യോപദേശക സമിതിക്ക് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം നിയമസഭ വോട്ടിനിട്ട് തള്ളിയിരുന്നു. ഗവര്‍ണറോടുള്ള നിലപാടില്‍ മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണന്ന് പ്രതിപക്ഷവും എന്നാല്‍ ഗവര്‍ണറെ വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

Top