പൗരത്വ നിയമ വിവാദം; സര്‍ക്കാരിനോട് വീണ്ടുമിടഞ്ഞ് ഗവര്‍ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ പൗരത്വനിയമത്തിനെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തിയതില്‍ സര്‍ക്കാരിനോട് വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍. ഇതോടെ പൗരത്വ നിയമത്തെ ചൊല്ലി സര്‍ക്കാറും ഗവര്‍ണ്ണറും തമ്മിലുള്ള പോര് നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരില്‍ ഒന്ന് കൂടി മുറുകി. സംഭവത്തില്‍ സര്‍ക്കാറിനോട് ഗവര്‍ണ്ണര്‍ വിശദീകരണം തേടി. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിന്റെ ഫയലുകള്‍ നല്‍കാനും രാജ്ഭവന്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിനെതിരായ സര്‍ക്കാറിന്റെ പ്രതിഷേധവും സുപ്രീംകോടതയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയതും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ രാജ്ഭവന് അതൃപ്തിയുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയം എങ്ങിനെ സര്‍ക്കാര്‍ നയമാകുമെന്നാണ് ഗവര്‍ണ്ണറുടെ ചോദ്യം. ഒപ്പം പൗരത്വ നിയമം സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും രാജ്ഭവന്‍ പറയുന്നു.

നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാട് വച്ച് പൊറുപ്പിക്കാനാകില്ല. അതുകൊണ്ട് ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ചെന്നിത്തലയുടെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കത്ത് കിട്ടിയെന്ന് സ്പീക്കര്‍ സ്ഥിരീകരിച്ചു.

Top