തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം ഒപ്പുവച്ചു.
തിങ്കളാഴ്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് രാജ്ഭവനിലെത്തി വിശദീകരണം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സിന്റെ നിയമസാധുത സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം പരിഗണിച്ചാണ് നടപടി.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ദേവസ്വം ബോര്‍ഡ് കൃത്യം രണ്ട് വര്‍ഷം കാലാവധി തികയ്ക്കുന്നതിന്റെ തൊട്ടുതലേന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വന്നത്.
ശബരിമല മണ്ഡലകാലം തുടങ്ങാന്‍ മൂന്നോ നാലോ ദിവസംമാത്രം അവശേഷിക്കേ, ഭരണസമിതിയില്ലാതെ മണ്ഡലവ്രതക്കാലം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിശദീകരണത്തില്‍ ചോദിച്ചിരുന്നു. കാലാവധി വെട്ടിക്കുറച്ച നടപടി ഒരുവര്‍ഷമായി വിവിധതലങ്ങളില്‍ ആലോചിച്ചും നിയമസാധുത ഉറപ്പുവരുത്തിയും ചെയ്തതാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
നാലുവര്‍ഷമായിരുന്ന ദേവസ്വംബോര്‍ഡിന്റെ കാലാവധി. 2007ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷമായി ചുരുക്കിയിരുന്നു. പിന്നീട് 2014ല്‍ യു.ഡി.എഫാണ് അത് മൂന്നുവര്‍ഷമാക്കിയത്.
മൂന്നുവര്‍ഷം കാലാവധി നിലവിലെ ബോര്‍ഡിന് നല്‍കിയാലും അടുത്തവര്‍ഷം മണ്ഡലക്കാലം തുടങ്ങുന്നതിന് തൊട്ടുമുമ്പേ അവസാനിക്കും. അതിനാല്‍ മണ്ഡലവ്രതക്കാലം ഇതിന് മാനദണ്ഡമാക്കാന്‍ സാധിക്കില്ല. മണ്ഡലവ്രതക്കാലം കുഴപ്പംകൂടാതെ കൊണ്ടുപോകാന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണവും ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തില്‍ മാസ്റ്റര്‍പ്‌ളാന്‍ സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും നേരത്തേ ഗവര്‍ണറെ സന്ദര്‍ശിച്ച് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.