എസ്.എഫ്.ഐ പ്രതിഷേധം: ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ രാത്രി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി. ചീഫ് സെക്രട്ടറി വി വേണുവിനോടും ഡിജിപി അനില്‍കാന്തിനോടുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡിസംബര്‍ 10, 11 തിയ്യതികളിലെ എസ്എഫ്‌ഐ പ്രതിഷേധങ്ങളില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നുമാണ് ആവശ്യം. പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവര്‍ണറെ കരിങ്കോടി കാണിച്ചു, ഗതാഗതം തടസ്സപ്പെടുത്തി, പൊലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപെടുത്തി എന്നിവ മാത്രമായിരുന്നു സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം ചുമത്തിയ കുറ്റങ്ങള്‍. പിന്നീട് ഗവര്‍ണര്‍ തന്നെ നേരിട്ട് ആവശ്യപ്പെട്ടതോടെ കൂടുതല്‍ ശക്തമായ ഐപിസി 124 ചുമത്തി. രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരെ വഴിയില്‍ തടഞ്ഞാലോ ഉപദ്രവിക്കാന്‍ ശ്രമിച്ചാലോ ചുമത്തുന്നതാണ് 124. ഏഴ് വര്‍ഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്.

പാളയത്ത് ഗവര്‍ണ്ണറുടെ കാറിലടിച്ച 7 പേര്‍ക്കെതിരെയാണ് കന്റോണ്‍മെനറ് പൊലീസ് 124-ാം വകുപ്പ് ചുമത്തുന്നത്. ആകെ പിടിയിലായത് 19 പേരില്‍ 12 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ കുറ്റം. രാജ്ഭവനിലെ സെക്യൂരിറ്റി ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയാണ് പുതിയ വകുപ്പ് ചേര്‍ത്തത്. ഇതിനിടെ പൊലീസ് ഗവര്‍ണ്ണറുടെ യാത്രാ വിവരം ചോര്‍ത്തി എസ്എഫ്‌ഐക്ക് നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

Top