കെ റെയില്‍: പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കെ റെയിലില്‍ പ്രതിഷേധം കനക്കവേ പരസ്യപ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് എതിരെയുള്ള പൊലീസ് നടപടിയെ ഗവര്‍ണര്‍ വിമര്‍ശിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നത്. ആ സര്‍ക്കാര്‍ ജനങ്ങളോട് നിര്‍വികാരപരമായി പ്രവര്‍ത്തിക്കരുത്. സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ല. സ്ത്രീകളല്ല ആര്‍ക്കെതിരെയും അതിക്രമം പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കെ റെയിലിന് എതിരെ കോട്ടയത്തെ മടപ്പള്ളിയിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് കല്ലായിയില്‍ ഇന്ന് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കല്ലായില്‍ ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയപ്പോള്‍ വലിയ പ്രതിഷേധമുയര്‍ന്നു. പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ കല്ലിടലിനിടെയുണ്ടാകുന്ന ഇതുവരെയുള്ള എറ്റവും ശക്തമായ പ്രതിഷേധമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാന്‍ എത്തിയവരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഉന്തും തള്ളിലും സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റു. രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. പുരുഷ പൊലീസ് ലാത്തി വച്ച് കുത്തിയെന്ന് പ്രതിഷേധത്തിനെത്തിയ സ്ത്രീകള്‍ ആരോപിക്കുന്നു. കടുത്ത പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥര്‍ കല്ല് സ്ഥാപിച്ചു.

Top