മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല: ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൃപ്തി പിൻവലിക്കൽ എന്നാൽ മന്ത്രിയെ പിൻവലിക്കൽ അല്ലെന്ന് കൊച്ചിയിൽ പൊതു പരിപാടിയിൽ ഗവർണർ പറഞ്ഞു. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഗവർണർ പറഞ്ഞു.

എന്നാൽ സർക്കാരിനെതിരെ വീണ്ടും അതിരൂക്ഷമായ ഭാഷയിൽ ഗവർണർ ഇന്നും വിമർശനം ഉന്നയിച്ചു. പാക്കിസ്ഥാൻ്റെ ഭാഷയിൽ ഭരണഘടനക്കെതിരെ സംസാരിക്കുന്നവർ വരെ കേരളത്തിലുണ്ട്. എല്ലാ മന്ത്രിമാരും മുഴുവൻ സമയ പാർട്ടി പ്രവർത്തകരെയാണ് സർക്കാർ ശമ്പളത്തിൽ വെക്കുന്നത്. തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമ മന്ത്രി ആരാണെന്നും ഗവർണർ ചോദിച്ചിരുന്നു.

വൈസ് ചാൻസലർ സ്ഥാനത്ത് നിയമനം നടത്താൻ ആർക്കാണ് അർഹതയെന്ന് സുപ്രീം കോടതി വിധിയോടെ വ്യക്തമായെന്നും ഗവർണർ ഇന്ന് പറഞ്ഞിരുന്നു. കൊച്ചിയിൽ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ഗവർണറുടെ വിമർശനം. കെ ടി യു, വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ഉദ്ധരിച്ച് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. രാഷ്ട്രീയത്തിൽ അധികാരത്തിനും മറ്റു പലതിനുമാണ് മുൻഗണനയെന്നും എന്തുകൊണ്ടാണ് കേരളത്തിലെ യുവാക്കൾക്ക് വിദേശത്തേക്ക് പോകേണ്ടി വരുന്നതെന്നും ഗവർണർ ചോദിച്ചിരുന്നു.

Top