ഭരണഘടന വകുപ്പ് 167 അനുസരിച്ച് മുഖ്യമന്ത്രി പ്രവർത്തിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : ഭരണഘടനയുടെ വകുപ്പ് 167 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിലയിരുത്തൽ. ഗവർണർക്കു വിവരം നൽകുന്നതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം വിശദീകരിക്കുന്നതാണ് വകുപ്പ് 167. ഭരണ കാര്യങ്ങൾ തന്നോടു മുഖ്യമന്ത്രി വിശദീകരിക്കുന്നില്ലെന്നാണ് ഗവർണർ കരുതുന്നത്.

ഭരണപരമായ കാര്യങ്ങൾ, നിയമ നിർമാണം തുടങ്ങിയവയെക്കുറിച്ച് അറിയിക്കുന്നില്ലെന്നാണ് രാജ്ഭവന്റെ പരാതി. മന്ത്രിതലത്തിലുള്ള തീരുമാനങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കണമെന്നു ഗവർണർക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനാകുമെന്നും നിയമസഭ പാസാക്കുന്ന ബില്ലിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ അതിൽ ഒപ്പുവയ്ക്കേണ്ടതെന്നും രാജ്ഭവൻ വിലയിരുത്തുന്നു. ഇതുസംബന്ധിച്ച ഭരണഘടനാ വ്യവസ്ഥ കൃത്യമായി പാലിക്കുന്നില്ലെന്നുമാണ് നിരീക്ഷണം.

സർക്കാർ തനിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പു വച്ചിട്ടില്ല. ധനവിനിയോഗ ബിൽ അടക്കമുള്ളവ ഗവർണർ അംഗീകരിക്കേണ്ടതുണ്ട്.‍ ആഗ്ര, ലക്നൗ, മുംബൈ എന്നിവിടങ്ങൾ സന്ദർശിക്കുന്ന ഗവർണർ 22നു വൈകിട്ട് തിരുവനന്തപുരത്ത് എത്തും. 31ന് അദ്ദേഹം വീണ്ടും മുംബൈയിലേക്ക് പോകും. ഇതിനിടെ ബില്ലുകളിൽ ഒപ്പു വയ്ക്കുമോ എന്നു സംശയമാണ്.

കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ധനവിനിയോഗ ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ബിൽ, ക്ഷീര കർഷക ക്ഷേമനിധി ബിൽ, മോട്ടർ തൊഴിലാളി ക്ഷേമനിധി ബിൽ, സഹകരണ നിയമം മൂന്നാം ഭേദഗതി ബിൽ, ഭൂമി പതിവ് നിയമ ഭേദഗതി ബിൽ തുടങ്ങിയവയാണ് ഗവർണർ ഒപ്പു വയ്ക്കാനുള്ളത്. പല ബില്ലുകൾക്കുമെതിരെ ഗവർണർക്കു പരാതി ലഭിച്ചിട്ടുണ്ട്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്ന ബിൽ, വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്ന ബിൽ, മിൽമ ഭരണം സർക്കാർ നിയന്ത്രണത്തിലാക്കുന്ന ബിൽ തുടങ്ങിയവ മുൻ നിയമസഭാ സമ്മേളനങ്ങളിൽ പാസാക്കിയെങ്കിലും അവ മാറ്റി വച്ചിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി എസ്.മണികുമാറിനെ നിയമിക്കണമെന്ന സർക്കാർ ശുപാർശയും അംഗീകരിച്ചിട്ടില്ല.

Top