സവര്‍ക്കറുടേത് വികസനവും ഐക്യവും ലക്ഷ്യം വച്ചുള്ള ചിന്തകളെന്ന് ഗവര്‍ണര്‍

കൊച്ചി: സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരായായിരുന്നുവെന്ന കാര്യം മറന്നുപോകരുതന്നെ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സവര്‍ക്കറുടെ ചിന്താഗതികള്‍ രാഷ്ട്ര വികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഗാന്ധിജിക്കും മുമ്പേ തോട്ടുകൂടായ്മയെ എതിര്‍ത്ത നേതാവാണ് സവര്‍ക്കറെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച സവര്‍ക്കറെ കുറിച്ചുള്ള പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എല്‍എല്‍ബി വിദ്യാര്‍ത്ഥി മോഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പേ നിശ്ചയിച്ച പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. ഇന്നുച്ചയോടെ മോഫിയയുടെ ആലുവയിലെ വീട്ടില്‍ എത്തിയ ഗവര്‍ണര്‍ ആലുവ പൊലീസിന്റെ നടപടിയെയും വിമര്‍ശിച്ചു.

രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളില്‍ ആലുവയില്‍ സംഭവിച്ചത് പോലുള്ളത് ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ‘സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.

ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിന് ശേഷമാണ് അദ്ദേഹം പാലാരിവട്ടത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനായി പോയത്. ഇവിടെ വെച്ചായിരുന്നു സവര്‍ക്കറെ പ്രകീര്‍ത്തിച്ചുള്ള പരാമര്‍ശം.

Top