സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല; കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ബാഹ്യ ഇടപെടല്‍ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

മുഖ്യമന്ത്രി പറയുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ്. തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.

ഗവര്‍ണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിസി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. യുജിസി പ്രതിനിധിയും വിദ്യാഭ്യാസ വിദഗ്ധന്‍മാരും ഉള്‍പ്പെടുന്ന സെര്‍ച്ച് കമ്മിറ്റിയാണ് വിസിമാരെ തെരഞ്ഞെടുക്കുന്നത്.

സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശകളില്‍ ഗവര്‍ണര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനാവും. ഗവര്‍ണറുടെ അധികാരത്തെ മാനിക്കുന്ന സര്‍ക്കാരാണിത്. ചാന്‍സലര്‍ പദവി സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ ആ പദവിയില്‍ തുടരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഇത്തരത്തില്‍ ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കണ്ണൂര്‍, കാലടി സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് വിസി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്നാണ് ഗവര്‍ണറുടെ നിലപാട്.

Top