സംസ്ഥാന സര്‍ക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ എന്റേതാണ്. കുടുംബത്തിലെ തലവന്‍ അംഗങ്ങളോട് ഒരു കാര്യം ശരിയല്ലെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? അവര്‍ക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ടെന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടികളുടെ കേഡര്‍മാരെ വളര്‍ത്താനുള്ള സംവിധാനമല്ല പെന്‍ഷന്‍ സമ്പ്രദായമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷനിലേക്ക് വിഹിതം അടയ്ക്കുന്നുണ്ട്. പേഴ്‌സണല്‍ സ്റ്റാഫിലെത്തുന്നവര്‍ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് ഖജനാവില്‍ നിന്നാണെന്നും അതിനാലാണ് ഈ രീതിയെ എതിര്‍ക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘ഞാന്‍ എല്ലാവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബഹുമാനിക്കുന്നു. സര്‍ക്കാര്‍ എന്റെ സര്‍ക്കാരാണ്. താനവരെ ശത്രുവായി കാണുന്നില്ല. കുടുംബത്തിലെ തലവന്‍ അംഗങ്ങളോട് ഇത് ശരിയല്ലെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? അവരെന്റെ ശത്രുവല്ല. അവര്‍ക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.

‘പ്രതിപക്ഷ നേതാവിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഉപദേശം നല്‍കുകയായിരുന്നു. ആരെയെങ്കിലും അപമാനിക്കാനും അധിക്ഷേപിക്കാനും അദ്ദേഹം ശ്രമിക്കുമ്പോള്‍ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കൂടെയാണ് അപമാനിക്കുന്നത്. അവരോട് ബഹുമാനം സൂക്ഷിക്കൂ, എങ്കില്‍ അദ്ദേഹത്തിനും ഉയര്‍ന്ന ബഹുമാനം തിരികെ ലഭിക്കും. അവരെ ബഹുമാനിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെങ്കില്‍ അദ്ദേഹത്തെ സഹായിക്കാന്‍ എനിക്കും സാധിക്കില്ല. നിങ്ങളേക്കാള്‍ മുതിര്‍ന്നവരെ ബഹുമാനിക്കൂവെന്ന് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞത്’ എന്നും ഗവര്‍ണര്‍ പറഞ്ഞു.

Top