സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കമിട്ടത്. സുസ്ഥിര വികസന സൂചികകളിൽ കേരളം മുന്നിലാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം പതിനേഴ് ശതമാനം വളർച്ച നേടിയെന്നും ഗവർണർ പറഞ്ഞു.

പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിനാണ് തുടക്കമായത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം നയപ്രഖ്യാപനമാണ് ഗവർണർ നടത്തുന്നത്. രാവിലെ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലേക്ക് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും ചേർന്ന് സ്വീകരിച്ചു.

സർക്കാർ-ഗവർണർ ഭായ് ഭായ് എന്നു വിളിച്ച് പ്രതിപക്ഷം പരിഹാസിച്ചു. സർക്കാർ ഗവർണർ പോര് അയഞ്ഞതോടെയാണ്, ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാൻ തീരുമാനിച്ചത്. സർക്കാർ സമർപ്പിച്ച നയപ്രഖ്യാപന പ്രസംഗം മാറ്റങ്ങളൊന്നും നിർദേശിക്കാതെ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു.

Top