ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗവര്‍ണറായത് സന്തോഷകരമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: കേരളം മഹത്തായ സംസ്ഥാനമെന്ന് നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗവര്‍ണറാകുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഗവര്‍ണര്‍മാരുടെ പട്ടിക ഇന്നാണ് പുറത്ത് വിട്ടത്. കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ കേന്ദ്രമന്ത്രിയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അദ്ദേഹം. നിലവിലെ ഗവര്‍ണര്‍ പി.സദാശിവം ഈ മാസം നാലിന് സ്ഥാനം ഒഴിയുന്നതിനാലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഭഗത്സിംഗ് കോഷ്യാരിയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയെ ഹിമാചലിന്റെ പുതിയ ഗവര്‍ണറായും നിയമിച്ചു. നിലവിലെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായ കല്‍രാജ് മിശ്ര രാജസ്ഥാന്റെ ഗവര്‍ണറാവും. തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജന്‍ തെലങ്കാനയുടെ ഗവര്‍ണറുമാകും.

അലിഗഢ് സര്‍വകലാശാലയിലും ലഖ്നൗ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കി ആരിഫ് മുഹമ്മദ് ഖാന്‍
മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

1977ല്‍ 26ാം വയസില്‍ അദ്ദേഹം യുപി നിയമസഭയിലെത്തുകയും 1980ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍രുകയും 1980ലും 84ലും കാന്‍പൂരില്‍ നിന്നും ബറൈച്ചില്‍ നിന്നും അദ്ദേഹം ലോക്സഭയിലെത്തുകയുമുണ്ടായി.

അതേസമയം, മുത്തലാഖ് നിയമം പാസ്സാക്കുന്നതിനെതിരായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വിട്ട അദ്ദേഹം പിന്നീട് ജനതാദളില്‍ ചേര്‍ന്നു. 1989ല്‍ ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തി. 89ല്‍ ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രിയായി. 1998ല്‍ അദ്ദേഹം ജനതാദളും വിട്ടു. ബിഎസ്പിയിലെത്തി.

ബറൈച്ചില്‍ നിന്ന് തന്നെ മത്സരിച്ചു കൊണ്ട് അദ്ദേഹം വീണ്ടും ലോക്സഭയിലെത്തി. 2004-ല്‍ അദ്ദേഹം ബിഎസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തുടര്‍ന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാട് സ്വീകരിച്ചു.

Top