‘ഗവർണർ നിക്കറിട്ട സംഘിയെപ്പോലെ പെരുമാറുന്നു’-എം.വി ജയരാജൻ

ഗവര്‍ണര്‍ നിക്കറിട്ട സംഘിയെ പോലെയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. തറ വേല കാണിക്കുന്ന ഗവര്‍ണര്‍ ഇപ്പോൾ മലർന്നുകിടന്ന് തുപ്പുകയാണെന്നും ജയരാജന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

”കണ്ണൂർ വി.സിയുടെ നിയമനം ഒപ്പിട്ട് അംഗീകരിച്ച ആളാണ് ഗവർണർ. എന്നാൽ, ഇപ്പോൾ അദ്ദേഹം മലർന്ന് കിടന്ന് മുകളിലേട്ട് തുപ്പുകയാണ്. ഗവർണറുടേത് തറവേല. നടപടി എടുക്കുമെന്ന ഭീഷണി വിലപ്പോകില്ല”. എം.വി ജയരാജൻ തുറന്നടിച്ചു.

നേരത്തെ കണ്ണൂർ സർവകലാശാല വി.സിയെ രൂക്ഷമായ ഭാഷയില്‍ ഗവർണർ വിമർശിച്ചിരുന്നു. ഗോപിനാഥ് രവീന്ദ്രന്‍റെ പ്രവർത്തനം വി.സിക്ക് യോജിക്കാത്തതാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. വി.സിയുടെ രീതി പാർട്ടി കേഡറെപ്പോലെയാണെന്നും സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പ്രസ്താവനയിലൂടെ സർക്കാരിനും കണ്ണൂർ യൂണിവേഴ്സിറ്റിക്കുമെതിരെ പോര് കടുപ്പിക്കുകയാണ് ഗവര്‍ണറെന്ന് വ്യക്തമായിരിക്കുകയാണ്. നേരത്തെ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

Top