തെലങ്കാനയിൽ ഗവർണർ-സർക്കാർ പോര് രൂക്ഷം; ബജറ്റിന് അനുമതി നൽകിയില്ല

ഹൈദരാബാദ്: തെലങ്കാനയിൽ ഗവർണർ-സർക്കാർ പോര് രൂക്ഷമാകുന്നു. ബജറ്റിന് ഗവർണർ തമിഴിസൈ സൗന്ദർരാജൻ അനുമതി നൽകിയില്ല. ഇതേത്തുടർന്ന് രാജ്ഭവനെതിരെ തെലങ്കാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഡ്വക്കേറ്റ് ജനറൽ ബി എസ് പ്രസാദ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു.

തെലങ്കാന സർക്കാരിന്റെ ഹർജി ചീഫ് ജസ്റ്റിസ് ഉജ്വൽ ഭുയാൻ, ജസ്റ്റിസ് എൻ തുകാറാംജി എന്നിവടങ്ങിയ ബെഞ്ച് പരിഗണിക്കും. വെള്ളിയാഴ്ചയാണ് തെലങ്കാനയിൽ അസംബ്ലി സമ്മേളനം തുടങ്ങുന്നത്. അന്നു തന്നെയാണ് ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജനുവരി 21 ന് തന്നെ ബജറ്റ് ഫയൽ അനുമതിക്കായി സർക്കാർ ഗവർണർക്ക് നൽകിയിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും രാജ്ഭവനിൽ നിന്നും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഇത് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്ഭവന്റെ നടപടി ഭരണഘടനാ പ്രശ്‌നമായി മാറിയെന്നും, വിഷയത്തിൽ ഇടപെട്ട് ഫയലിൽ ഉടൻ അനുമതി നൽകാൻ ഗവർണർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയിൽ തെലങ്കാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവേ ഹാജരാകും.

ഗവർണറുമായുള്ള പോര് തുടരുന്ന സാഹചര്യത്തിൽ ഇത്തവണയും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം സർക്കാർ ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്ന് രാജ്ഭവൻ നയപ്രഖ്യാപനം ഒഴിവാക്കിയത് സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടി. എന്നാൽ മറുപടി നൽകാൻ സർക്കാർ കൂട്ടാക്കിയില്ല. കഴിഞ്ഞ തവണയും തെലങ്കാന സർക്കാർ നയപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നില്ല.

Top