വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍; നയപ്രഖ്യാപന പ്രസംഗത്തിലും സിഎഎ, മാറ്റിയില്ലെങ്കില്‍ നടപടി

തിരുവനന്തപുരം: സര്‍ക്കാരിനോട് വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിനും ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി. കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ശരിയായ നടപടിയല്ല, മാറ്റം വരുത്തണം എന്നാണ് ഗവര്‍ണറുടെ ആവശ്യം. തന്റെ വിയോജിപ്പ് ഇതിനോടകം ചീഫ് സെക്രട്ടറിയെ അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നയപ്രഖ്യാപന പ്രംഗത്തിന്റെ കോപ്പി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്നാണ് വീണ്ടും പ്രതിഷേധവുമായി ഗവര്‍ണര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതിനിടെ സി.എ.എ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ എന്തുവേണമെന്നതില്‍ ഗവര്‍ണര്‍ നിയമോപദേശവും തേടിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ വിഷയം. കഴിഞ്ഞ ദിവസമാണ് പ്രസംഗത്തിന്റെ കോപ്പി രാജ്ഭവനിലെത്തിച്ചത്. സുപ്രീംകോടതിയില്‍ ഇരിക്കുന്ന പ്രശ്‌നം നയപ്രഖ്യപനത്തില്‍ ഉള്‍പ്പെടുത്തുന്നതിലെ നിയമപരമായ പ്രശ്‌നങ്ങളില്‍ രാജ്ഭവന്‍ പരിശോധന നടത്തുന്നതായാണ് വിവരം

Top