നിയമ ലംഘനം നടന്നാല്‍ പ്രതിരോധിക്കേണ്ടത് തന്റെ കടമയാണ്; ആഞ്ഞടിച്ച് ഗവര്‍ണര്‍

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള നിയമസഭ പാസാക്കിയ പ്രമേയം ചരിത്ര കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശപ്രകാരമുള്ളതെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. പൗരത്വം കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം നിയമസഭയെ ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്നത് ശരിയായ നടപടിയല്ലെന്നും പറഞ്ഞു. എംജി സര്‍വകലാശാലാ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭരണഘടനാപരമായി പ്രവര്‍ത്തിക്കണം. നിയമം ലംഘനം നടന്നാല്‍ പ്രതിരോധിക്കേണ്ടത് തന്റെ കടമയാണ്. ഒരു ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ നിയമമാണ്. അത് പാലിക്കാന്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിക്കുന്നു. തിരക്കിനിടയില്‍ ഭരണാധികാരികള്‍ ഭരണഘടന വായിക്കാന്‍ ശ്രമിക്കണം. രാഷ്ട്രപതിയേയും ഗവര്‍ണ്ണറേയും എതിര്‍ത്താല്‍ ക്രിമിനല്‍ കുറ്റമാണ്,’ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നുമുള്ള കെ മുരളീധരന്റെ പ്രസ്താവനയോട് താന്‍ കേരളത്തില്‍ സ്വതന്ത്രമായി തന്നെ നടക്കുമെന്ന് ഗവര്‍ണര്‍ തിരിച്ചടിച്ചു.

എംജി സര്‍വ്വകലാശാലയില്‍ അടുത്തിടെയുണ്ടായ സംഭവം അവമതിപ്പുണ്ടാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍മാര്‍ ബാഹ്യ നിയന്ത്രണത്തിലാണ്. രാഷ്ട്രീയ കക്ഷികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിസിമാര്‍ക്ക് മേല്‍ അമിത സമ്മര്‍ദ്ദം ചെലുത്തി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതു തടയാന്‍ വിസിമാര്‍ നടപടി എടുക്കണം. ഇല്ലെങ്കില്‍ സര്‍വകലാശാലയുടെ പരമാധികാരം നിലനിര്‍ത്താന്‍ ഏതറ്റം വരെയും ചാന്‍സലര്‍ എന്ന നിലയില്‍ പോകുമെന്നും ഗവര്‍ണര്‍.

കനത്ത സുരക്ഷയാണു പൊലീസ് സര്‍വകലാശാലയില്‍ ഒരുക്കിയിരിക്കുന്നത്. ഉച്ച വരെ ഗവര്‍ണര്‍ സര്‍വകലാശാലയില്‍ തുടരും. കോട്ടയത്ത് വിവിധ പരിപാടികള്‍ക്ക് എത്തിയ ഗവര്‍ണര്‍ സര്‍വകലാശാല സന്ദര്‍ശിക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ച ഔദ്യോഗിക പരിപാടികളില്‍ സര്‍വകലാശാല സന്ദര്‍ശനം ഉണ്ടായിരുന്നില്ല.

Top