ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട; സിപിഐ മുഖപത്രം

തിരുവനന്തപുരം: ഗവര്‍ണറെ കടന്നാക്രമിച്ച് സിപിഐ മുഖപത്രവും രംഗത്ത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രാഷ്ട്രീയ പോരായി വഴിമാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ ഉറച്ചുതന്നെയാണ് ഇടത് മുന്നണിയുമുള്ളത്.ഇത് രാജ്ഭവന്റെ പ്രതിച്ഛായയെത്തന്നെ ബാധിക്കുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് സിപിഐ മുഖപത്രം ജനയുഗവും കുറ്റപ്പെടുത്തി. ആരിഫ് മുഹമ്മദ് ഖാന്‍ പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാരം യാചിച്ച് നടന്നയാളാണെന്നും വിമര്‍ശനം.

ഗവര്‍ണര്‍ പറയുന്നത് ബിജെപി പിറ്റേന്ന് ഏറ്റുപിടിക്കുന്നത് രാജ്ഭവന്റെ പ്രതിച്ഛായയെത്തന്നെ ബാധിക്കുന്നതായി എ കെ ബാലന്‍ കുറ്റപ്പെടുത്തിയിരുന്നു.

പ്രത്യേക സഭാ സമ്മേളനം വിളിക്കാനുള്ള ശുപാര്‍ശയില്‍ തീരുമാനം കാത്തിരിക്കുന്നതിനിടെയാണ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉയരുന്നത്. ഈ മാസം 31 ന് പ്രത്യേക നിയമ സഭ സമ്മേളനം വിളിക്കണം എന്ന സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണ്ണറുടെ തീരുമാനം നിര്‍ണ്ണായകമാണ്. കാര്‍ഷിക നിയമ ഭേദഗതി അതീവ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട അടിയന്തിര വിഷയം എന്നാണ് സര്‍ക്കാരിന്റെ ശുപാര്‍ശ. എന്നാല്‍ ജനുവരിയില്‍ ചേരുന്ന സമ്മേളനത്തില്‍ ചര്‍ച്ച പോരെ എന്ന നിലപാട് ഗവര്‍ണര്‍ നേരത്തെ എടുത്തിരുന്നു. രണ്ടാമതും ശുപാര്‍ശ വന്നതിനാല്‍ ഗവര്‍ണര്‍ വഴങ്ങും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. വീണ്ടും അനുമതി നിഷേധിച്ചാല്‍ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും.

Top