ഗവർണ്ണറുടെ ‘പകയുടെ’ കാരണം വ്യക്തം, പത്രസമ്മേളനം വിളിച്ചത് തിരിച്ചടിച്ചു !

വര്‍ണര്‍മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തില്‍ മാത്രമല്ല രാജ്യത്തുതന്നെ അസാധാരണമാണ്. അതാണിപ്പോള്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയിരിക്കുന്നത്. കേരള സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ക്വട്ടേഷന്‍ ഗവര്‍ണ്ണര്‍ നേരിട്ട് എടുത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഇടതുപക്ഷ കേന്ദ്രങ്ങള്‍ ആരോപിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണ്ണര്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയും ഇടതുപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മത്സരിച്ച് ജയിക്കാന്‍ കഴിയാത്തവര്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പിരിച്ച് വിട്ട് കേരളത്തില്‍ ഗവര്‍ണ്ണര്‍ ഭരണം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണവും ഇടതു കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ നേരിടാന്‍ തന്നെയാണ് ഭരണപക്ഷത്തിന്റെ തീരുമാനം.

ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണു ഗവര്‍ണര്‍ തുടര്‍ന്നുവന്നിരുന്നത്. എന്നാല്‍ അദ്ദേഹം അപ്രതീക്ഷിതമായി വാര്‍ത്താ സമ്മേളനം വിളിച്ചത് സര്‍ക്കാറിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ഗവര്‍ണ്ണര്‍ വഴി സംഘപരിവാര്‍ ശ്രമിക്കുന്നതെന്നാണ് സി.പി.എം കേന്ദ്ര നേതാക്കളും കുറ്റപ്പെടുത്തുന്നത്. ഇതു സംബന്ധമായി ശക്തമായ പ്രചരണം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ഗവര്‍ണ്ണറുടെ പത്ര സമ്മേളനത്തിലൂടെ വ്യക്തമായ മറ്റൊരു കാര്യം പ്രിയ വര്‍ഗ്ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണ്ണറുടെ താല്‍പ്പര്യമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാഗേഷിനെതിരെ ഗവര്‍ണര്‍ ഉയര്‍ത്തിയ ആരോപണമാണ് വളരെ മുന്‍പ് തന്നെ രാഗേഷിനോട് ഗവര്‍ണര്‍ക്ക് ശത്രുതയുണ്ടായിരുന്നു എന്നതിന് തെളിവ്.

ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് പ്രതിഷേധമല്ലന്നും, ആക്രമണം ആണെന്നുമാണ് ഗവര്‍ണര്‍ വാദിക്കുന്നത്. തടയാന്‍ നോക്കിയ പൊലീസിനെ അന്നു തടഞ്ഞത് കെ.കെ രാഗേഷ് ആണെന്ന് പത്രസമ്മേളനത്തിലാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍, കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗ്ഗീസിന്റെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമനത്തിനെതിരായ ഗവര്‍ണ്ണറുടെ നിലപാടിനെയും പ്രതികാര നടപടിയായി തന്നെ വിലയിരുത്തേണ്ടി വരും.

കണ്ണൂര്‍ വി.സിക്കെതിരായ ഗവര്‍ണ്ണറുടെ നിലപാടും ചരിത്ര കോണ്‍ഗ്രസ്സ് വേദിയില്‍ നിന്നും ഉയര്‍ന്ന പകയില്‍ നിന്നും ഉണ്ടായതാണെന്ന സംശയവും വ്യാപകമായി കഴിഞ്ഞു. പ്രിയ വര്‍ഗ്ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് വി.സിക്കെതിരെ ഷോകോസ് നോട്ടീസാണ് ഗവര്‍ണ്ണര്‍ നല്‍കിയിരുന്നത്. പക  മനസ്സില്‍ വച്ച് അവസരം കിട്ടുമ്പോള്‍ പ്രയോഗിക്കുന്ന രണ്ടാംകിട രാഷ്ട്രീയക്കാരന്റെ നിലവാരത്തിലേക്കാണ് ഗവര്‍ണര്‍ നീങ്ങിയിരിക്കുന്നതെന്ന വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ടും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും പറയുന്ന ഗവര്‍ണര്‍ എന്തുകൊണ്ടാണ് ഇക്കാര്യം മുന്‍പ് പറയാതിരുന്നത് എന്നതിനും വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്. 2019 ഡിസംബറിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചരിത്രകോണ്‍ഗ്രസ്സ് നടന്നത്. അതായത് ഗവര്‍ണ്ണര്‍ക്കെതിരായ പ്രതിഷേധം നടന്ന് മൂന്നു വര്‍ഷം പൂര്‍ത്തിയാകാറായപ്പോള്‍ മാത്രമാണ് ഗവര്‍ണ്ണര്‍ക്ക് വെളിപാട് ഉണ്ടായിരിക്കുന്നത് എന്നത് വ്യക്തം. വല്ലാത്തൊരു വെളിപാട് തന്നെയാണിത്. ഇനി ഗവര്‍ണ്ണറുടെ ആരോപണം പരിശോധിച്ചാല്‍ അതും യുക്തിക്ക് നിരക്കുന്നതല്ല.

ചരിത്ര കോണ്‍ഗ്രസ്സില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം മാറ്റി വച്ച ഗവര്‍ണ്ണര്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് രാഷ്ട്രീയ പ്രസംഗം തുടങ്ങിയപ്പോഴാണ് പ്രതിഷേധവും അരങ്ങേറിയിരുന്നത്.
മൗലാനാ അബ്ദുള്‍ കലാം ആസാദിനെ ഗവര്‍ണ്ണര്‍ തെറ്റായി ഉദ്ധരിച്ചതിനെതിരെയാണ് ചടങ്ങില്‍ അധ്യക്ഷനായ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രതികരിച്ചിരുന്നത്. തുടര്‍ന്ന് സദസ്സില്‍ ഉണ്ടായിരുന്ന പ്രതിനിധികളില്‍ ചിലരും എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുകയാണ് ഉണ്ടായത്. പ്രതിനിധികള്‍ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളിലെ പേപ്പര്‍ കീറിയെടുത്ത് പ്രതിഷേധം എഴുതി ഉയര്‍ത്തിക്കാട്ടുന്ന ദൃശ്യങ്ങള്‍ ഇതിനകം തന്നെ പുറത്തു വന്നിട്ടുമുണ്ട്.ഗവര്‍ണ്ണര്‍ ആരോപിക്കുന്ന ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പ്രതിനിധികള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്ലക്കാര്‍ഡുകളുമായി ആയിരുന്നു എത്തുമായിരുന്നത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്. ബഹളത്തെ ആക്രമണമായി ചിത്രീകരിക്കുന്നതും തെറ്റാണ്. വിയോജിക്കാനുള്ള അവകാശവും ജനാധിപത്യത്തിലുണ്ട്. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യു.പിയല്ല, ഇത് കേരളമാണ്. പ്രതികരണ ശേഷിയുള്ള ജനതയുടെ നാടാണിത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി മനുഷ്യശൃംഖല തീര്‍ത്തതും ഈ നാട്ടിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ആദ്യമായി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതും ഇടതുപക്ഷ കേരളമാണ്. ആ കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാന്‍ ഗവര്‍ണ്ണര്‍ ശ്രമിച്ചാലും പ്രതിഷേധം സ്വാഭാവികമാണ്.

പ്രതിഷേധം മനപൂര്‍വ്വം ഉണ്ടാക്കിച്ച് കേന്ദ്ര സര്‍ക്കാറിനെ പ്രീതിപ്പെടുത്താനാണ് ഗവര്‍ണ്ണര്‍ അന്ന് ശ്രമിച്ചിരുന്നത്. ഏത് സര്‍ക്കാറിന്റെ പൊലീസ് ആണെങ്കിലും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ തടയാന്‍ കഴിയുകയില്ല. അതിന് രാഗേഷ് ഇടപെട്ടാലും ഇല്ലങ്കിലും നടക്കേണ്ട പ്രതിഷേധം നടക്കും. ആരെങ്കിലും പ്രതിഷേധിക്കേണ്ട എന്നു പറഞ്ഞാല്‍ അടങ്ങി ഇരിക്കുന്ന ജനതയല്ല ഇവിടെയുള്ളത്. മാത്രമല്ല ഇങ്ങനെ പ്രതിഷേധിക്കുന്നവരെ എല്ലാം അറസ്റ്റ് ചെയ്ത് തുറങ്കിലടക്കാന്‍ തുടങ്ങിയാല്‍ ഇവിടുത്തെ ജയിലുകള്‍ അതിന് തികയാതെ വരികയും ചെയ്യും.

ആരും ഇവിടെ ആരെയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല. കയ്യിലുണ്ടായിരുന്ന കടലാസുകളില്‍ പ്രതിഷേധം എന്ന് എഴുതി ഉയര്‍ത്തിക്കാട്ടിയാല്‍ അതൊരിക്കലും ആക്രമണമാവുകയില്ല. പൊലിസ് ഇടപെടുമ്പോള്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളെ സംഘര്‍ഷമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും വസ്തുതയ്ക്ക് നിരക്കാത്തതാണ്.അതു പോലെ തന്നെ കണ്ണൂര്‍ വി.സി നിയമനത്തിലും ഗവര്‍ണ്ണര്‍ പറയുന്നത് മലര്‍ന്നു കിടന്ന് തുപ്പുന്നതിനു തുല്യമാണ്.വി.സി നിയമനം നടത്തിയത് ഗവര്‍ണ്ണറാണ്. അതല്ലാതെ മുഖ്യമന്ത്രിയല്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് അതായത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് എതിര്‍പ്പുണ്ടെങ്കില്‍ ബന്ധപ്പെട്ട ഫയലിലാണ് ഗവര്‍ണ്ണര്‍ അതു കാണിക്കേണ്ടിയിരുന്നത്. അതു ചെയ്യാതെ നിയമനം നല്‍കിയ ശേഷം അത് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ഗവര്‍ണ്ണറുടെ പദവിക്ക് യോജിച്ച ഏര്‍പ്പാടല്ല. ഒരു പത്ര സമ്മേളനം കൊണ്ട് ഒലിച്ചു പോകുന്നതല്ല കേരളത്തിലെ ജനാധിപത്യ ഭരണകൂടമെന്നതും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.


EXPRESS KERALA VIEW

Top