സിദ്ധാര്‍ത്ഥിന്റെ മരണം:സംസ്ഥാനത്ത് യുവാക്കളെ അക്രമം നടത്തുന്നതിന് പരിശീലിപ്പിക്കുന്നു;ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുമെന്നും ഡി.ജി.പിയുമായി ബന്ധപ്പെട്ടതായും സന്ദര്‍ശനത്തിന് പിന്നാലെ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ സമൂഹം എങ്ങിനെയാണ് മുന്നോട്ട് പോകുക. ഒരു വിഷയം ഉണ്ടാകുമ്പോള്‍ മാത്രമാണ് നാം സഹതപിക്കുന്നത്. ഇത്തരം ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും ചിലപ്പോള്‍ പശ്ചാത്താപമുണ്ടായേക്കാം. സംസ്ഥാനത്ത് യുവാക്കളെ അക്രമം നടത്തുന്നതിന് പരിശീലിപ്പിക്കുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും ആക്രമണങ്ങള്‍ക്കുമായി യുവാക്കളെ പരിശീലിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി. മുതിര്‍ന്ന നേതാക്കളെയാണ് കോടതി കേസില്‍ ശിക്ഷിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ സമൂഹം മാറി ചിന്തിക്കേണ്ടിരിക്കുന്നു.

ആക്രമത്തിന്റെ പാത തുടരുന്നതിനാല്‍ ഇരുപതാം നൂറ്റാണ്ടില്‍ വിപ്ലവമായി കണക്കാക്കിയ ഈ പ്രത്യയശാസ്ത്രം ഇന്ന് ലോകത്ത് എല്ലായിടത്തും നശിച്ചു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇവര്‍ ഇന്നും മുന്നോട്ട് പോകുന്നു. യുവാക്കളെ ഒരുപരിധിയിലധികം കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ല. കാരണം, ഇവര്‍ മറ്റുള്ളവരുടെ കൈയ്യിലെ വെറും കരുക്കളാണ്. ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നു. ഇതോടെ, ഇവര്‍ ചില രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കേണ്ടിവരുന്നു,ആക്രമത്തിന്റെ പാത കൈവിടണമെന്ന് ഓരോ പാര്‍ട്ടിയോടും താന്‍ ആവശ്യപ്പെടുന്നു. ആ അമ്മയുടെ അവസ്ഥ നോക്കൂ. അവരുടെ സഹോദരന്റെ കാര്യ ആലോചിക്കൂ. തന്റെ മനസ്സ് അവരോടൊപ്പമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

Top