ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മലപ്പുറത്ത്; പി ടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും

മലപ്പുറം: അന്തരിച്ച മുന്‍ എംഎല്‍എയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മലപ്പുറത്തെത്തും. രാവിലെ പതിനൊന്നിന് എരമംഗലത്ത് നടക്കുന്ന പരിപാടി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ പ്രധാന സംഘാടകനായ പരിപാടിയില്‍ വി എം സുധീരനും, രമേശ് ചെന്നിത്തലയും പങ്കെടുക്കുന്നുണ്ട്. എസ്എഫ്‌ഐയുടെ പ്രതിഷേധ സമരങ്ങള്‍ങ്ങള്‍ക്കിടെ കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വീണ്ടും മലപ്പുറത്ത് എത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് എസ്എഫ്‌ഐ നീക്കമുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

അതേസമയം കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിനെതിരെ നേരത്തെ മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി എതിര്‍പ്പ് അറിയിച്ചിരുന്നു. ‘ഗവര്‍ണര്‍ ചുമതലയ്ക്കു പകരം ആര്‍ എസ് എസിന്റെ നേതാവാകേണ്ട ഒരാളെ കോണ്‍ഗ്രസിന്റെ മതേതര പരിപാടിയിലേക്ക് കൊണ്ടുവരരുത് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ പ്രതികരണം. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ഇടപ്പെട്ടാണ് വിവാദം അവസാനിപ്പിച്ചത്.

Top