സുപ്രീം കോടതിയോട് അനാദരവാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത്; മുഖ്യമന്ത്രി

മലപ്പുറം: ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതിയോട് അനാദരവാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത്. ഇത്തരം നിലപാടുള്ള വ്യക്തിക്ക് ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സുപ്രീം കോടതി ഇത് നേരത്തെ വ്യക്തമാക്കിയതാണ്. രാജ്യത്ത് ഏറെ നാളായി നടന്നു കൊണ്ടിരിക്കുന്ന നിലപാടിനെതിരെ ചില സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ബില്ലുകള്‍ ഇങ്ങനെ പിടിച്ചുവെക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഈ വിധി രാജ്യത്തെ എല്ലാ ഗവര്‍ണര്‍മാര്‍ക്കും ബാധകമാണ്. എന്നാല്‍ കേരളാ ഗവര്‍ണര്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.

കേരളം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ പഞ്ചാബിന്റെ കാര്യത്തിലെ വിധി ഗവര്‍ണര്‍ വായിച്ചു നോക്കണം എന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ അതിനെ പരിഹസിക്കുന്ന മറുപടിയാണ് ഗവര്‍ണറില്‍ നിന്നുണ്ടായത്. ഗവര്‍ണര്‍ സ്ഥാനത്തുള്ള വ്യക്തി സുപ്രീം കോടതിയുടെ നിലപാടിനോട് അനാദരവ് കാണിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Top