“ഇനി കർശന ശിക്ഷ”; ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള നിയമ ഭേദഗതിക്ക് ഇതോടെ അംഗീകാരമായി. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കി.

നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതികൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്കും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഡോക്ടർമാരുടെ ചിരകാല ആവശ്യമായിരുന്ന ഓർസിനൻസ്, കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് അടിയന്തിരമായി ഇറക്കാൻ സർക്കാർ തയ്യാറായത്.

ഓർഡിനൻസിലെ പ്രധാന വിവരങ്ങൾ

നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നേഴ്‌സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്. പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടും.

ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്റെ ഭാഗമാകും.

അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.

ആരോഗ്യ രക്ഷാ സേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ 1 വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കും. വിചാരണാനടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്‌പെഷ്യൽ കോടതിയായി നിയോഗിക്കും.

Top