ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ ചെയ്യിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, അത് നടക്കില്ല: ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി: കണ്ണൂര്‍ വിസി നിയമന വിവാദത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം നിരുത്തരവാദപരമെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.തന്നെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ ചെയ്യിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പക്ഷേ അത് നടക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗവര്‍ണര്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

രാജാവിനോടോ വ്യക്തികളോടോ അല്ല വിധേയത്വം കാണിക്കേണ്ടതെന്നും ഭരണഘടനയോടാണ് വിധേയത്വം കാണിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചിയില്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് പരിപാടിയെ പറ്റി തനിക്ക് അറിവില്ല. തന്നെ ആരും ക്ഷണിച്ചിട്ടില്ല.കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിരപരാധിയാണ്. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ദേശ പ്രകാരമാണ്. എജിയുടെ അഭിപ്രായം നിരസിച്ചില്ലെന്നതാണ് താന്‍ ചെയ്ത ഏക തെറ്റ്. അപ്പോഴും തന്റെ അഭിപ്രായം ഇതല്ലെന്ന് പറഞ്ഞു. പക്ഷെ തന്റെ കൈ ബന്ധിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉപകരണം മാത്രമാണ്.

ആസൂത്രിത ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നത്. സര്‍ക്കാരും ആ ഗൂഢാലോചനയുടെ ഭാഗമാണ്. ചാന്‍സലര്‍മാര്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ല. സമ്മര്‍ദ്ദം ഉണ്ടായാല്‍ തന്നോട് റിപ്പോര്‍ട്ട് ചെയ്യാന്‍ അറിയിക്കും. കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു ഉപകരണം മാത്രമാണ്. എ ജി യുടെ ഒപ്പ് ഉള്ളതുകൊണ്ട് മാത്രമാണ് താന്‍ നിയമനം നടത്തിയത്. സര്‍ക്കാറിന് പണമില്ലെന്ന് പറയുമ്പോഴും ക്ലിഫ് ഫൗസില്‍ നീന്തല്‍കുളം നവീകരിക്കുകയാണ്. രാജ്ഭവനില്‍ നീന്തല്‍ക്കുളമൊന്നുമില്ല. ബാഡ്മിന്റണ്‍ കോര്‍ട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top