നാലുവിദ്യാര്‍ഥികളുടെ മരണത്തില്‍ ദുഃഖമുണ്ട്, കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു; ഗവര്‍ണര്‍

കൊച്ചി: കളമശേരി കുസാറ്റ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ അപകടം ഞെട്ടിച്ചു. നാലുവിദ്യാര്‍ഥികളുടെ മരണത്തില്‍ ദുഃഖമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് താന്‍ പ്രാര്‍ഥിക്കുന്നതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കൂത്താട്ടുകളും സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ച വിദ്യാര്‍ഥികള്‍. ഇവരുടെ മൃതദേഹം കുസാറ്റില്‍ പൊതുദര്‍ശനത്തിനുവച്ചു. പ്രിയ സഹപാഠികളെ അവസാനമായി ഒരുനോക്കുകാണാനായി നിരവധിപ്പേരാണ് കാമ്പസില്‍ തടിച്ചുകൂടിയിട്ടുള്ളത്. പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് ആണ് മരിച്ച നാലാമത്തെയാള്‍. ആല്‍വിന്റെ മൃതദേഹം നേരെ നാട്ടിലേക്ക് കൊണ്ടുപോകും.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടമരണം സംഭവിക്കുമ്പോള്‍ സാധാരണ എടുക്കുന്ന നടപടി മാത്രമാണിത് എന്നാണ് വിവരം. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പായാണ് തിക്കും തിരക്കും ഉണ്ടാവുകയും ദുരന്തം സംഭവിക്കുകയും ചെയ്തത്.

Top