വിദേശയാത്രാ വിവരം അറിയിച്ചില്ല; കീഴ്‌വഴക്കം ലംഘിച്ചു; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തു നൽകി. കത്തിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും നൽകിയിട്ടുണ്ട്. ഗവർണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തിൽ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.

വിദേയാത്രാ വിവരം തന്നെ അറിയിച്ചില്ല. വിദേശയാത്ര പോകുമ്പോഴും തിരിച്ചെത്തുമ്പോഴും ഗവർണറെ അറിയിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇത് ലംഘിക്കപ്പെട്ടു. 10 ദിവസത്തെ യാത്ര വേളയിലെ ഭരണക്രമീകരണങ്ങൾ തന്നെ അറിയിച്ചില്ല. പകരം ചുമതല ആർക്കെന്നും അറിയിച്ചിട്ടില്ല.

ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും ഗവർണർ കത്തിൽ പറയുന്നു. വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടലും ഗവർണർ തേടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര സമയത്ത് കണ്ണൂരിൽ പങ്കെടുക്കുമ്പോഴാണ് മുഖ്യമന്ത്രി വിദേശയാത്ര പോകുന്നതായി ഗവർണറോട് പറഞ്ഞത്.

ഇതോടെ ഗവർണർ-സർക്കാർ പോര് കൂടുതൽ രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഗവർണർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. തന്നിലാണ് സർവ്വ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് ചിലർ കരുതുന്നതെന്ന് ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

 

Top