പരാതികള്‍ക്ക് പരിഹാരമില്ല, നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാകുന്നില്ല; ഗവര്‍ണര്‍

ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരാണെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം.ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.മറുഭാഗത്ത് വലിയ രീതിയില്‍ ആഘോഷങ്ങള്‍ നടത്തുന്നതും ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വിമ്മിങ് പൂളടക്കം നവീകരിക്കുന്നതും നാം കണ്ടതാണ്.സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല. എന്നാല്‍ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍ഷം സേവനം ചെയ്തവര്‍ക്ക് വരെ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

നവകേരള സദസ്സിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. പരാതി സ്വീകരിക്കാന്‍ മാത്രമാണ് യാത്ര. മൂന്നര ലക്ഷത്തിലധികം പരാതികള്‍ കിട്ടിയെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍ ഒരു പരാതി പോലും നേരിട്ട് പരിഹരിക്കുന്നില്ല. ഇതെല്ലാം കളക്ടറേറ്റുകളിലോ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലോ സ്വീകരിക്കാവുന്ന പരാതികളല്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു.കേരളം മികച്ച സംസ്ഥാനമാണ്. കേരളത്തിന്റെ അഭിവൃദ്ധി ലോട്ടറിയിലൂടെയും മദ്യവില്‍പനയിലൂടെയും ഉണ്ടായതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന അവിടുത്തെ പ്രവാസികളുടെ സംഭാവനയാണ്. അതാണ് കേരളത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

Top