ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ

ഡൽഹി: ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവർണറുടെ നീക്കം. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ലെന്നാണ് ഗവർണര്‍ വിശദീകരിക്കുന്നത്. സർക്കാരും ഗവർണരും തമ്മിൽ ഉണ്ടായ താൽക്കാലിക സമവായത്തിന്‍റെ ഭാവി, ഇനി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും. ഗവർണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ചാൻസലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ ചാൻസലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടുകയും ചെയ്തു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.

Top