ലോകായുക്ത: ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ

തിരുവനന്തപുരം∙ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. വിദേശയാത്രയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവർണർ മറുപടി നൽകിയെന്നാണ് വിവരം.

നേരത്തെ ലോകായുക്ത അഴിമതിക്കേസിൽ ഉത്തരവിട്ടാൽ അത് കൈമാറേണ്ടത് ​ഗവർണർ,മുഖ്യമന്ത്രി,സർക്കാർ എന്നിവർക്കാണ്.1999ലെ ലോകായുതക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം ലോകായുക്ത വിധി അതേപടി അം​ഗീകരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്ത് നിന്ന് നീക്കണം. ബന്ധപ്പെട്ട അധികാരി മൂന്ന് മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽഅത് അം​ഗീകരിച്ചതായി കണക്കാക്കും.

ഓർഡിനൻസ് പ്രാബല്യത്തിലായതോടെ ലോകായുക്തയുടെ ഈ അധികാരമാണ് ഇല്ലാതായത്. ഇനി വിധി വന്ന് മൂന്നുമാസത്തിനുള്ളിൽ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സർക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാം.

Top