കേരള ഗവർണ്ണറുടെ നിലപാടിനെതിരെ, പേരറിവാൾ ‘മോഡൽ’ വിധി പ്രതീക്ഷിച്ച് എൽ.ഡി.എഫ്

കേരള ഗവര്‍ണറും ഇടതുപക്ഷ സര്‍ക്കാരും തമ്മിലുള്ള പോര്‍വിളി ഒടുവില്‍ വലിയ നിയമ പോരാട്ടത്തിലാണ് കലാശിക്കാന്‍ പോകുന്നത്. ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിനാല്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നുമാണ് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ ഫയലിലെ തീരുമാനം അനന്തമായി നീട്ടി കൊണ്ടു പോകാനും ഗവര്‍ണ്ണര്‍ വിചാരിച്ചാല്‍ ഇനി സാധിക്കും. ഇതോടെ സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്. ഇത് മുന്നില്‍ കണ്ടാണ് ബില്ലുകള്‍ സാധുവാക്കുവാന്‍ നിയമപരമായും രാഷട്രീയമായും പോംവഴി തേടാന്‍ സര്‍ക്കാരും സി.പി.എമ്മും നിര്‍ബന്ധിതമാകുന്നത്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് രാഷ്ട്രപതിയെ സമീപിക്കാന്‍ സര്‍ക്കാറിന് അവസരമുണ്ടെങ്കിലും അവിടെ നിന്നും അനുകൂലമായ ഒരു നിലപാട് ഉറപ്പില്ലാത്തതിനാല്‍ സുപ്രീം കോടതിയെ സമീപിക്കുവാനാണ് നീക്കം. പേരറിവാള്‍ കേസിലെ ഇടപെടല്‍ പോലെ ഒരു ഇടപെടലാണ് കേരള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ ഗവര്‍ണറെ ടാര്‍ഗറ്റ് ചെയ്ത് കടന്നാക്രമിക്കാനും സി.പി.എം നീക്കം തുടങ്ങിയിട്ടുണ്ട്.

ആരിഫ് മുഹമ്മദ് ഖാനെതിരായി ദേശാഭിമാനി പുറത്തുവിട്ട വാര്‍ത്ത ഇതിനകം തന്നെ രാഷ്ട്രീയ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയജീവിതത്തില്‍ അഴിമതി ആവോളമുണ്ടെന്നാണ് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ജയിന്‍ ഹവാല കേസിലെ മുഖ്യപ്രതിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ എന്നാണ് വെളിപ്പെടുത്തല്‍. ഈ ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവും ആരിഫ് മുഹമ്മദ് ഖാന്‍ ആയിരുന്നെന്നാണ് സി.പി.എം മുഖപത്രം ആരോപിക്കുന്നത്. 7.63 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത്. അതിന്റെ എല്ലാ രേഖകളും അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യവും ദേശാഭിമാനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ ഹവാല ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉള്‍പ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നാണ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്. ബിജെപി സര്‍ക്കാരിന്റെ കൂലിപ്പടയാളിയെപ്പോലെയാണ് ഗവര്‍ണ്ണര്‍ പെരുമാറുന്നതെന്നും ദേശാഭിമാനി തുറന്നടിച്ചിട്ടുണ്ട്. ഗവര്‍ണ്ണര്‍ക്കെതിരായ തുറന്ന യുദ്ധത്തിന് പ്രവര്‍ത്തകരെ സജ്ജമാക്കാനുള്ള നീക്കമായാണ് സി.പി.എം മ്യഖപത്രത്തിലെ ഈ ലേഖനത്തെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവര്‍ണ്ണറുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ കോടതിയിലും സര്‍ക്കാര്‍ ആയുധമാക്കുമെന്നാണ് സൂചന.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് പേരറിവാളന്‍ കേസിലെ വിധി സംസ്ഥാനങ്ങളുടെ അധികാരത്തെ അംഗീകരിക്കുന്നതായിരുന്നു. ഈ പാതയില്‍ കേരളം നീങ്ങിയാല്‍ ഗവര്‍ണ്ണറും കേന്ദ്ര സര്‍ക്കാറും ശരിക്കും വെള്ളംകുടിക്കുമെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ മോചന കാര്യത്തില്‍ തമിഴ്‌നാട് ഗവര്‍ണ്ണറുടെ നിലപാടിനെതിരെ ആയിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.142-ാം അനുഛേദം ഉപയോഗിച്ചായിരുന്നു ആ നിര്‍ണ്ണായക വിധിയുണ്ടായിരുന്നത്. തന്റെ മോചനത്തില്‍ ഗവര്‍ണ്ണര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതെ നീട്ടി കൊണ്ടു പോകുകയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി അറിയിച്ച സുപ്രീംകോടതി എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്.

രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികളേയും വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിലപാടാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്. 1991 ജൂണ്‍ 11 ന് ചെന്നൈയില്‍ വച്ച് സി.ബി.ഐ സംഘമാണ് പേരറിവാളനെ അറസ്റ്റ് ചെയ്തിരുന്നത്. അന്ന് അദ്ദേഹത്തിന് 20 വയസ് പൂര്‍ത്തിയായിരുന്നില്ല. പേരറിവാളിനു മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതാണ്. അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളിന്റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും വധിക്കപ്പെട്ടത് രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ആയതിനാല്‍ അതൊന്നും തന്നെ പരിഗണിക്കപ്പെട്ടിരുന്നില്ല.

2017 ഒക്ടോബര്‍ 27-നാണ് ഈ കേസില്‍ പ്രധാന വഴിത്തിരിവുണ്ടായത്. ആ രണ്ട് ബാറ്ററികളുടെ ഉദ്ദേശത്തെക്കുറിച്ച് പേരറിവാളന് അറിയില്ലായിരുന്നുവെന്നും പേരറിവാളിന്റെ നിര്‍ണായക മൊഴിയുടെ അവസാനഭാഗം താന്‍ ഒഴിവാക്കിയിരുന്നുവെന്നും മൊഴി രേഖപ്പെടുത്തിയ സിബിഐ ഉദ്യോഗസ്ഥന്‍ വി ത്യാഗരാജന്‍ തന്നെ കുറ്റസമ്മതം നടത്തുകയാണ് ഉണ്ടായത്. പേരറിവാളന്റെ ജീവിതത്തില്‍ സംഭവിച്ച നഷ്ടങ്ങളില്‍ തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. തുടര്‍ന്ന് പേരറിവാള്‍ ഉള്‍പ്പെടെയുള്ള മൂന്ന് കുറ്റാരോപിതരുടെ മോചനം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ പരസ്യമായി രംഗത്തിറങ്ങി. മാനുഷിക പരിഗണന നല്‍കി പ്രതികളെ വിട്ടയക്കണമെന്നതായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ഥന. എന്നാല്‍ ഗവര്‍ണ്ണറും രാഷ്ട്രപതിയും ആ ആവശ്യം തള്ളിക്കളയുകയാണ് ഉണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഇത്

പിന്നീട് കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ എല്ലാം നേരെ തിരിച്ചായി. വിശദമായി വാദം കേട്ട സുപ്രീം കോടതി ഗവര്‍ണ്ണര്‍ക്കും കേന്ദ്രസര്‍ക്കാരിനും എതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണ് എന്ന് ഓര്‍മ്മിപ്പിച്ച കോടതി പേരറിവാളന്റെ മാപ്പ് അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് പ്രത്യേക അധികാരമുണ്ടെന്നും തമിഴ്നാട് ഗവര്‍ണര്‍ക്ക് അതില്ലെന്നുമുള്ള കേന്ദ്രത്തിന്റെ നിലപാടിനെയും രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഭരണഘടനാ ലംഘനം നടക്കുമ്പോള്‍ കണ്ണടയ്ക്കാന്‍ കഴിയില്ലെന്നു കൂടി ചൂണ്ടിക്കാട്ടിയാണ് ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട് പേരറിവാളിനെ മോചിപ്പിച്ചിരിക്കുന്നത്. പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം നീണ്ട പോരാട്ടത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഈ കേസില്‍ തമിഴ് നാട് ഗവര്‍ണ്ണറും കേന്ദ്ര സര്‍ക്കാറും പേരറിവാളിന് എതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ ഉന്നത നീതിപീഠം ഇടപെട്ടതു പോലെ കേരള ഗവര്‍ണ്ണറുടെ നിലപാടിനെതിരെ സുപ്രീം കോടതിയില്‍ നിന്നും അനുകുല വിധിയുണ്ടാകുമെന്നാണ് ഇടതു നേതാക്കളും പ്രതീക്ഷിക്കുന്നത്

സര്‍ക്കാര്‍ നല്‍കിയ ഫയലില്‍ തീരുമാനമെടുക്കാതെ അനന്തമായി വൈകിപ്പിച്ചതാണ് തമിഴ് നാട് ഗവര്‍ണ്ണര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതിക്കു പോലും ഓര്‍മ്മിപ്പിക്കേണ്ടിയും വന്നിരിക്കുന്നത്. ഇത്തരമൊരു ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് പിണറായി സര്‍ക്കാറും സി.പി.എമ്മും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനോടും നടത്തുന്നത്. ഗവര്‍ണ്ണര്‍ നിസഹകരണം തുടര്‍ന്നാല്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് ലഭിച്ചതിനു സമാനമായ തിരിച്ചടി കേരളത്തിലും ഉണ്ടാകുമെന്നതാണ് മുന്നറിയിപ്പ്


EXPRESS KERALA VIEW

Top