‘കൊലപാതകങ്ങള്‍ ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കും’; ഹരിദാസന്റെ കൊലപാതകത്തില്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി: തലശ്ശേരി പുന്നോലില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ ഹരിദാസിന്റെ കൊലപാതകത്തെ അപലപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. നിഷ്‌കളങ്കരായ ആളുകള്‍ കൊലചെയ്യപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്.

ഇത്തരം കൊലപാതകങ്ങള്‍ ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കും. പ്രതികളെ ഉടനെ പിടികൂടുകയും ഇത്തരം കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും വേണം. കൊലപാതകത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അറിയിച്ചു.

അതേസമയം, ഹരിദാസിന്റെ മൃതദേഹം തലശേരി പുന്നോലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പാര്‍ട്ടി ഓഫീസുകളിലും വിവിധ കേന്ദ്രങ്ങളിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് 5.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. എംഎല്‍എ എ.എന്‍ ഷംസീറും പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം വന്‍ ജനപങ്കാളിത്തത്തോടെയാണ് സംസ്‌കാരം നടന്നത്. കൊലപാതകത്തെ തുടര്‍ന്ന് തലശേരിയില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. അതേസമയം കൊലപാതകത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ബിജെപി കൗണ്‍സലറുമുണ്ട്. ജോലി കഴിഞ്ഞ് മടങ്ങി വരവെ പുലര്‍ച്ചെ ഒരുമണിയോടെയാണ് ഹരിദാസ് വധിക്കപ്പെട്ടത്.

Top