സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യവില കൂട്ടാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: നിലവിലെ പശ്ചാത്തലത്തില്‍ മദ്യവില വര്‍ധിപ്പിച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ നീക്കം.ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകും എന്നാണ് വിവരം. വിദേശനിര്‍മ്മിത വിദേശ മദ്യത്തിനൊഴികെ എല്ലാതരം മദ്യങ്ങള്‍ക്കും വില കൂടും. ഇന്ന് മുതല്‍ സംസ്ഥാനത്ത് കള്ളുഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. പക്ഷേ ഇരുന്ന് കുടിക്കാന്‍ അനുമതിയില്ല. കുപ്പി കൊണ്ടുവരണം.

കെയ്‌സിന് 400 രൂപയില്‍ കൂടുതല്‍ വില വരുന്ന മദ്യത്തിന് 35 ശതമാനവും കെയ്‌സിന് 400 രൂപയില്‍ താഴെയാണെങ്കില്‍ പത്ത് ശതമാനവും വില കൂട്ടാനാനാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.ബീയറിനും പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തും. ഇതോടെ ഒരു കുപ്പി മദ്യത്തിന് അന്‍പത് രൂപ വരെ വര്‍ധിക്കാനാണ് സാധ്യത.

മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവില്‍പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈല്‍ ആപ്പും വെബ്‌സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top