ശരിയായ സമയത്ത് സര്‍ക്കാരെടുത്ത തീരുമാനം; കോവിഡിനെ തുരത്തുന്നതില്‍ ഇന്ത്യ മുന്നില്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള ലോകരാജ്യങ്ങളുടെ പോരാട്ടത്തില്‍ മികച്ച നിലയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരിയായ സമയത്തു സര്‍ക്കാര്‍ എടുത്ത ശരിയായ തീരുമാനങ്ങളാണ് മികച്ച നിലയിലെത്താന്‍ ഇന്ത്യയ്ക്ക് സഹായകമായത്.കോവിഡ് മരണനിരക്കില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താഴ്ന്ന നിലയിലാണ് ഇന്ത്യ. രോഗമുക്തിനിരക്കില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു മുന്നിലാണെന്നും മോദി വ്യക്തമാക്കി.

രാജ്യത്ത് മൂന്നിടങ്ങളിലെ ഹൈ ത്രൂപുട്ട് കോവിഡ് പരിശോധനാ സംവിധാനങ്ങള്‍ക്കാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തുടക്കം കുറിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കൊല്‍ക്കത്ത, മുംബൈ, നോയ്ഡ എന്നിവിടങ്ങളിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് ഈ സംവിധാനങ്ങള്‍.

അത്യാധുനിക ഹൈടെക് പരിശോധനാ സംവിധാനം മൂന്നു നഗരങ്ങളിലും ഓരോ ദിവസത്തെയും പരിശോധനാ ശേഷി പതിനായിരത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നത് രോഗം നേരത്തേ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും സഹായിക്കും. അതു വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനു കരുത്തേകും. ഈ ലാബുകള്‍ കോവിഡ് പരിശോധനയ്ക്കു മാത്രമായി പരിമിതപ്പെടുത്തില്ലെന്നും ഭാവിയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി, ഡെങ്കി, മറ്റ് നിരവധി രോഗങ്ങള്‍ എന്നിവയുടെ പരിശോധനയ്ക്കും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോയിഡയിലെ ഐസിഎംആര്‍-നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റിസര്‍ച്ച്, മുംബൈയിലെ ഐസിഎംആര്‍-നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ഹെല്‍ത്ത്, കൊല്‍ക്കത്തയിലെ ഐസിഎംആര്‍-നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്‍ഡ് എന്ററിക് ഡിസീസസ് എന്നിവിടങ്ങളിലായാണ് ഈ മൂന്ന് ഹൈ-ത്രൂപുട്ട് പരിശോധനാ സംവിധാനം സജ്ജമാക്കിയത്. ഒരു ദിവസം പതിനായിരത്തിലധികം സാംപിളുകള്‍ പരിശോധിക്കാന്‍ കഴിയും.

പരിശോധനാ സമയവും രോഗബാധിതരുമായുള്ള ഇടപഴകല്‍ സമയവും കുറയ്ക്കാനും ഇതിലൂടെ സാധിക്കും. മഹാമാരിക്കാലത്തിനു ശേഷം കോവിഡ് ഒഴികെയുള്ള രോഗങ്ങള്‍ പരിശോധിക്കുന്നതിനും ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് ബിയും സിയും, എച്ച്‌ഐവി, മൈക്രോബാക്ടീരിയം ട്യൂബര്‍കുലോസിസ്, സൈറ്റോമെഗലോവൈറസ്, ക്ലമീഡിയ, നീസെറിയ, ഡെങ്കി മുതലായവ ഇവിടെ പരിശോധിക്കാനാകും.

Top