വിജയകരമായി സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ 29,000 ഹെക്ടറില്‍ കൃഷിയിറക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷിക, മൃഗപരിപാലന, മത്സ്യബന്ധന മേഖലകളില്‍ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനും അതുവഴി കര്‍ഷകരുടെ വരുമാനം ഉയര്‍ത്താനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ നല്ല പുരോഗതി നേടാനായി. 25,000 ഹെക്ടര്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, ആ ലക്ഷ്യം കടന്ന് 29,000 ഹെക്ടറില്‍ കൃഷിയിറക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 2000 കാര്‍ഷിക വിപണികള്‍ മെച്ചപ്പെടുത്താനുള്ള ലക്ഷ്യവും 100 ശതമാനം കൈവരിച്ചു. 460 ആഴ്ചച്ചന്തകള്‍ ശക്തമാക്കി.

ഒരു ലക്ഷം ചതുരശ്രമീറ്റര്‍ മഴഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള ലക്ഷ്യവും മറികടന്നു. 1.19 ലക്ഷം ചതുരശ്രമീറ്റര്‍ മഴമറ പണിതു. 46.5 ലക്ഷം ഫലവൃക്ഷത്തൈകള്‍ നടാനുള്ള ലക്ഷ്യത്തില്‍ 33.29 ലക്ഷം തൈകള്‍ നട്ടു. 12,000 കര്‍ഷകര്‍ക്ക് വായ്പാ സഹായം നല്‍കാന്‍ തീരുമാനിച്ചതില്‍ 9,348 പേര്‍ക്ക് നല്‍കിക്കഴിഞ്ഞു. 3750 ഹെക്ടറില്‍ നാളികേര കൃഷി വികസന പരിപാടി നടപ്പാക്കാന്‍ ലക്ഷ്യമിട്ടതില്‍ 1818 ഹെക്ടര്‍ നടപ്പാക്കി. നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള റോയല്‍റ്റി ഇതിനകം 24,919 കര്‍ഷകര്‍ക്ക് നല്‍കി. റോയല്‍റ്റിക്ക് അര്‍ഹതയുള്ള കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top