പൊലീസിലെ സംഘടനാ സ്വാതന്ത്ര്യത്തിൽ സർക്കാർ നിലപാട് പ്രതിഷേധാർഹം

രാജ്യത്തെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേത്. ക്രമസമാധാന പാലനത്തില്‍ മാത്രമല്ല, കുറ്റാന്വേഷണ കാര്യത്തിലും ഈ മിടുക്ക് പ്രകടമാണ്.

കോവിഡ് വെല്ലുവിളിയിലും, മികച്ച പ്രവര്‍ത്തനമാണ് കേരള പൊലീസ് കാഴ്ചവച്ചിരിക്കുന്നത്.രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായ പ്രവര്‍ത്തനമാണിത്.

ലാത്തി പിടിച്ച കൈകള്‍, കരുതലിന്റെ കയ്യായി മാറിയത്, വേറിട്ടൊരു കാഴ്ച തന്നെയായിരുന്നു.

പൊലീസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലങ്കില്‍, നാടാണ് കുഴപ്പത്തിലാകുക. അതൊരിക്കലും ഉണ്ടാകാന്‍ പാടുള്ളതല്ല.

ഇതിന് ആദ്യം വേണ്ടത് പൊലീസ് സേനയില്‍ അച്ചടക്കമാണ്. എതിര്‍ സ്വരം സേനയില്‍ ഉയര്‍ന്നാല്‍, ഈ സിസ്റ്റം തന്നെയാണ് തകര്‍ന്നു പോകുക.

പൊലീസുകാരുടെ സംഘടന, ഈ സിസ്റ്റത്തെ തന്നെ നിയന്ത്രിക്കുന്ന ഒരവസ്ഥ, ഒരിക്കലും ഉണ്ടായി കൂടാ. അത് കാര്യങ്ങള്‍ കൈവിട്ട് പോകാനാണ് വഴി ഒരുക്കുക.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം ഭേദഗതി ചെയ്തത് ദൗര്‍ഭാഗ്യകരമാണ്.ഇതിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ തകര്‍ക്കുന്ന നടപടിയാണിത്. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ പുനഃപരിശോധനക്ക് തയ്യാറാവുകയാണ് ഇനി വേണ്ടത്.

ചട്ടം ഭേഗതി ചെയ്യരുതെന്ന ഡി.ജി.പിയുടെ ശുപാര്‍ശ തള്ളിയാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. പൊലീസ് സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടപടി. പിണറായി സര്‍ക്കാരില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണിത്.

ഏപ്രില്‍ 17ന് കൊണ്ടുവന്ന ചട്ടത്തില്‍, പൊലീസുകാരുടെ സമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും ഡി.ജി.പിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു. സമ്മേളനം ഒരു ദിവസമാക്കാനും ചട്ടത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ ഭാരവാഹിയാകാന്‍ പാടില്ലെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനക്ക് രാഷ്ട്രീയ പക്ഷാപാതിത്വം പാടില്ല, സംഘടന പ്രവര്‍ത്തനം ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്ക് തടസമാവരുത് തുടങ്ങിയ കര്‍ശന നിബന്ധനകളും ചട്ടത്തിലുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാമാണിപ്പോള്‍ വീണ്ടും ഭേദഗതി ചെയ്തിരിക്കുന്നത്.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ്, സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം ഒന്നരമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തന്നെ, ഭേഗതി ചെയ്തിരിക്കുന്നത്. ചട്ടത്തില്‍ ഒരു ഭേഗതിയും വേണ്ടെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സമതിയും, നേരത്തെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പുതിയ ഭേദഗതി. അപക്വമായ നടപടിയാണിത്.

പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കേണ്ടത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ്. അല്ലാതെ പൊലീസ് അസോസിയേഷന്‍ ഭാരവാഹികളല്ല. ഒരു സാധാരണ പൊലീസുകാരന്‍ സംഘടനാ ഭാരവാഹി ആകുമ്പോള്‍, ഉദ്യോഗസ്ഥരുടെയും മുകളിലാണ് താനെന്ന ഭാവമാണ് ഉണ്ടാകുന്നത്. സ്ഥലമാറ്റത്തിലെ രാഷ്ട്രിയ ഇടപെടലാണ് ഇത്തരം അസോസിയേഷന്‍ ഭാരവാഹികളുടെ അഹങ്കാരം.

പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ്, ഇവരുടെ ഇടപെടലിന്റെ ശക്തി അല്‍പമെങ്കിലും കുറഞ്ഞിരിക്കുന്നത്. ഒരു കാലത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരെ പോലും നിയമിച്ചിരുന്നത് അസോസിയേഷന്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരമായിരുന്നു.പൊലീസുകാരനായ അസോസിയേഷന്‍ നേതാവിന് മുന്നില്‍, മുട്ടുമടക്കി നിന്ന ഡി.ജി.പിയും, ഈ കേരളത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത്. പൊലീസ് സേനക്കാകെ അപമാനമായ കാലയളവ് കൂടിയായിരുന്നു അത്.

ഈ കാലത്തിലേക്ക് ഒരിക്കലും കേരള പൊലീസ് ഇനി തിരിച്ചു പോകരുത്. അതിന് ഭരണകൂടം അനുവദിച്ച് കൊടുക്കുകയും ചെയ്യരുത്. പൊലീസിനെ ഭരിക്കേണ്ടത് സര്‍ക്കാറാണ്. അല്ലാതെ സംഘടനകളല്ല. പൊലീസുകാരുടെ ക്ഷേമകാര്യങ്ങളിലാണ് സംഘടനകള്‍ ശ്രദ്ധിക്കേണ്ടത്. അതല്ലാതെ സ്ഥലമാറ്റങ്ങളിലല്ല. താന്‍ സാധാരണ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണെന്ന ബോധം അസോസിയേഷന്‍ നേതാക്കള്‍ക്കും ഉണ്ടാവണം.

എസ്.ഐ മുതല്‍ മുകളിലോട്ടുള്ള ഒരു ഉദ്യോഗസ്ഥനെയും ഭരിക്കാന്‍ നിങ്ങള്‍ വരരുത്. അതിന് മേലുദ്യോഗസ്ഥര്‍ അനുവദിക്കുകയും ചെയ്യരുത്. യൂണിഫോമിടാതെ ഉദ്യോഗസ്ഥരെ കാണാന്‍, ഒരു നേതാവിനെയും അനുവദിക്കരുത്. സ്ഥലമാറ്റത്തിനായി സംഘടനാ നേതാക്കളെ സമീപിക്കുന്ന ഉദ്യോഗസ്ഥരെയും, സര്‍ക്കാര്‍ തിരിച്ചറിയണം. ഇത്തരക്കാരാണ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പ്രചോദനം നല്‍കുന്നത്.

പൊലീസ് അസോസിയേഷനുകളെ നിയന്ത്രിക്കാനും ചിട്ടപ്പെടുത്താനുമാണ് ചട്ടം കൊണ്ടുവന്നിരുന്നത്. സേനയിലെ സംഘടനകളില്‍ രാഷ്ട്രീയ സ്വാധീനം പിടിമുറുക്കിയ സാഹചര്യത്തിലായിരുന്നു പുതിയ വിജ്ഞാപനം.

രണ്ട് മാസം തികയും മുന്‍പാണിപ്പോള്‍ ഇതും ഭേദഗതി ചെയ്തിരിക്കുന്നത്.പൊലീസ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒ ആയി സി.ഐമാരെ നിയമിച്ച നടപടിയും, സര്‍ക്കാര്‍ പുന:പരിശോധിക്കണം.

മുന്‍പ് എസ്.ഐമാര്‍ ഇരുന്ന ഈ തസ്തികയുടെ ‘പവറാണ്’ ഇപ്പോൾ ചോര്‍ത്തി കളഞ്ഞിരിക്കുന്നത്. മിക്കയിടത്തും സി.ഐമാര്‍ പ്രവര്‍ത്തനക്ഷമമല്ല. അധികാര പരിധി കുറഞ്ഞതാണ് ഇവരുടെ പ്രവർത്തനത്തെയും ബാധിച്ചിരിക്കുന്നത്.നിർബന്ധിക്കപ്പെട്ട് ജോലി ചെയ്യുന്ന മാനസികാവസ്ഥയിലാണ്, സി.ഐമാരിൽ നല്ലൊരു വിഭാഗവുമുള്ളത്. പഴയ സിസ്റ്റം തന്നെയാണ് ബെസ്റ്റ് എന്ന നിലപാടാണ് എസ്.ഐമാർക്കും ഉള്ളത്. എസ്.എച്ച്.ഒ ആകാൻ പറ്റാത്തതാണ് ഇവരുടെ അമർഷത്തിന് കാരണം.

ഇതോടെ താളം തെറ്റുന്നതാകട്ടെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടിയാണ്. ആരുടെ ബുദ്ധിയിൽ പിറന്ന തീരുമാനമായാലും ഇത് ഒരു കടന്ന തീരുമാനമായിപ്പോയി.

ഇക്കാര്യങ്ങളിലെല്ലാം ഒരു പുന:പരിശോധനയാണ് സർക്കാർ, ഇനിയെങ്കിലും നടത്തേണ്ടത്. പൊലീസ് സേന ആഗ്രഹിക്കുന്നതും, അതു തന്നെയാണ്.


Express View

Top