‘തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സർക്കാരിന്റെ മൗനം’; ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ് വിസിയുടെ പുനർ നിയമനം. ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതുവരെ നടപടിയെടുത്തില്ല. ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സർക്കാരിന്റെ മൗനം. ഇർഫാൻ ഹബീബിന്റെ പ്രതിഷേധം കേരള സർക്കാർ നടപടി എടുക്കില്ല എന്ന ധൈര്യത്തിൽ ആയിരുന്നു. വേദിയിൽ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശം ഭാഷയിൽ സംസാരിച്ചു. ഉത്തർപ്രദേശിലാണെങ്കിൽ ഇത് നടക്കില്ലെന്നും ഗവർണർ പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസിലെ ആക്രമണശ്രമത്തെക്കുറിച്ച് വിസിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. രണ്ട് തവണ കത്തയച്ചിട്ടും വിസി നിഷേധാത്മക വിശദീകരണമാണ് നല്‍കിയത്. സുരക്ഷ വിദഗ്ധനല്ലെന്നായിരുന്നു വിസിയുടെ മറുപടി.ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഡൽഹിയിൽ വിശേഷിപ്പിച്ചിരുന്നു. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത ആക്രമണണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.

അതേസമയം കണ്ണൂർ വിസിക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിമിനല്‍ പരാമർശത്തെ ചരിത്രകാരന്‍മാർ അപലപിച്ചു. അപകീർത്തികരവും രാഷ്ട്രീയ പ്രേരിതവുമായ പരാമർശം അംഗീകരിക്കാനാകില്ലെന്നും, ഗവർണർ ഇത്തരം ആക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്‍പത് ചരിത്രകാരന്‍മാരും അധ്യാപകരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Top