‘ദയാബായിയോടുള്ള സർക്കാരിന്റെ സമീപനം ക്രൂരം’; വി ഡി സതീശൻ

തിരുവനന്തപുരം: അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സർക്കാര്‍ സ്വീകരിക്കുന്നത് ക്രൂരമായ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. 2017 ന് ശേഷം ഇതുവരെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല. ഡേ കെയർ സംവിധാനം വേണം. ദയാബായിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മുഖ്യമന്ത്രി തന്നെ ഇടപെട്ട് പ്രശ്നം പരിഹരിക്കണം. യുഡിഎഫ് ഈ വിഷയം ചര്‍ച്ച ചെയ്ത് പിന്തുണ കൊടുക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ഇന്ന് 17ആം ദിവസമാണ് സമരം. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ദയാബായി ആശുപത്രിക്കിടക്കയിൽ തുടര്‍ച്ചയായ നാലാം ദിനമാണ് സമരം തുടരുന്നത്. സമരസമിതി നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിലും സമരം ചെയ്യുകയാണ്. സര്‍ക്കാര്‍ രേഖാമൂലം നൽകിയ ഉറപ്പ് തിരുത്തി നൽകുംവരെ സമരം തുടരാനാണ് ദയാബായിയുടെ തീരുമാനം.

Top