ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ പ്രതിപക്ഷം; നന്ദി പ്രമേയ ചര്‍ച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും. അസാധാരണമായ നയപ്രഖ്യാപന പ്രസംഗത്തിനും പ്രതിഷേധത്തിനുമൊടുവിലാണ് മൂന്ന് ദിവസത്തെ നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുന്നത്.

ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് വീണ്ടും പരിഗണിക്കണമെന്ന് പ്രതിപക്ഷനേതാവ് സഭയില്‍ ആവശ്യപ്പെടും. എന്നാല്‍ ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നല്‍കിയ നോട്ടീസ് കാര്യോപദേശകമസമതി തള്ളി. സമിതി തീരുമാനം നിയമസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പ്രതിപക്ഷനേതാവ് വീണ്ടും പ്രശ്‌നം ഉന്നയിക്കും.

പൗരത്വ പ്രശ്‌നത്തില്‍ ഗവര്‍ണ്ണറെ നിയമസഭയില്‍ തടഞ്ഞ പ്രതിപക്ഷം നിലപാട് കടുപ്പിച്ച് തന്നെയാണ് എത്തുന്നത്. ഗവര്‍ണ്ണറെ കൊണ്ട് പൗരത്വപ്രശ്‌നത്തിലെ എതിര്‍പ്പ് വായിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ഭരണപക്ഷം എത്തുക. അതുകൊണ്ടുതന്നെ ഗവര്‍ണ്ണറെ ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ നിയമസഭയില്‍ ഉറപ്പായും ഉണ്ടാകും.

ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ ഒത്ത് തീര്‍പ്പെന്ന ആക്ഷേപം ഇതിനകം പ്രതിപക്ഷം ശക്തമാക്കിക്കഴിഞ്ഞു. സര്‍ക്കാറിന്റെ നയമാണ് ഗവര്‍ണ്ണര്‍ വായിച്ചെങ്കിലും ഗവര്‍ണ്ണറെ ചര്‍ച്ചകളില്‍ ഭരണപക്ഷം പിന്തുണക്കുമോ എന്നാണ് അറിയേണ്ടത്.

നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിനും രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

Top