എല്ലാ മത്സ്യത്തൊഴിലാളികളെയും സർക്കാർ സംരക്ഷിക്കും; ഇ പി ജയരാജൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ സംബന്ധിച്ച ചർച്ചകളിൽ ഫലപ്രാപ്തി ഉണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അഞ്ച് കാര്യങ്ങളിൽ പരിഹാരം കണ്ടെത്താനാിട്ടുണ്ട്. ഉമ്മൻ ചാണ്ടിയാണ് തുറമുഖം ആരംഭിച്ചത്. ഇത്ര കൊല്ലമായുള്ള പദ്ധതി നിർത്തിവയ്ക്കാൻ ആകുമോ എന്നും ഇ പി ജയരാജന്‍.

പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നതു എന്ന ആക്ഷേപത്തെക്കുറിച്ചും ഇ പി പ്രതികരിച്ചു. സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക് എന്നായിരുന്നു പ്രതികരണം. തമിഴ് നാട് കൊണ്ടുപോകേണ്ടിയിരുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേത്. എല്ലാ മത്സ്യത്തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഇ പി ജയരാജന്‍ പറ‌ഞ്ഞു.

ഗവർണർ സര്‍ക്കാർ ഏറ്റുമുട്ടലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സർക്കാർ ഏത് കാര്യത്തിനും ഏറ്റുമുട്ടലിന് ഇല്ല എന്നായിരുന്നു മറുപടി. കേരളത്തിലെ ഗവർണർ അദ്ദേഹം ഇരിക്കുന്ന പദവിയെക്കുറിച്ച് ആലോചിക്കുന്നില്ല. ഗവർണർ ഒരു അത്യുന്നത പദവിയാണ്. അങ്ങനെ ഉള്ള ഒരാൾ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ കുറിച്ചു പറഞ്ഞത് ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങളാണ്. ഒരു ഗവർണർ ഉപയോഗിക്കേണ്ട പദങ്ങൾ ആണോ അവ. കണ്ണൂര്‍ വിസിക്ക് എതിരെ പറഞ്ഞതും മ്ലേച്ഛമായ പദങ്ങളാണ്. ഇതൊക്കെ ഗവര്‍ണര്‍ പദവിക്ക് കളങ്കമാണ്.

ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. അദ്ദേഹം നിലപാട് തിരുത്തണം. ബില്ലുകളിൽ ഒപ്പിടില്ല എന്ന് ഒരിക്കലും ഗവർണർ പറയരുത്. നിയമം പാസാക്കിയാലേ പിശക് ചൂണ്ടിക്കാണിക്കാൻ ആകൂ. അദ്ദേഹം വലിയ അബദ്ധത്തിൽ ചെന്നു പെട്ടിരിക്കുന്നു. ഇതൊക്കെ ആരെയോ പ്രീണിപ്പിക്കാനാണ് എന്ന് തോന്നുന്നു. സർവകലാശാലകളിൽ ആരെയും കുത്തിക്കയറ്റാന്‍ പാടില്ല. ഗവർണറുടേത് പക്വത ഇല്ലാത്ത അഭിപ്രായ പ്രകടനങ്ങൾ. ജനങ്ങൾ അദ്ദേഹത്തെ അവമതിപ്പോടെ വീക്ഷിക്കും. കടുത്ത നിലപാട് ഗവർണർ തുടർന്നാൽ എന്ത് ചെയ്യും എന്ന് ഗവർണറോട് ചോദിക്കൂ എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top