സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമായി. പൊതു ഇടങ്ങളില്‍ പരിശോധന കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാകും കിയോസ്‌കുകളില്‍ ആദ്യം നടത്തുക. അതിന് ശേഷം സര്‍ക്കാര്‍ നിരക്കില്‍ ആന്റിജന്‍ പരിശോധന നടത്തും.

സര്‍ക്കാര്‍ അംഗീകൃത ലാബുകള്‍, ഐസിഎംആര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍, ആശുപത്രി വികസന സമിതികള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കിയോസ്‌കുകള്‍ തുടങ്ങാം. ജില്ല മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഇതിന്റെ പൂര്‍ണ ചുമതല.

അതേ സമയം കൊവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Top