കര്‍ഷകര്‍ സുപ്രീം കോടതി സമിതിയുമായി സഹകരിക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരോട് സുപ്രീംകോടതി സമിതിയുമായി സഹകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ നിയമം പിന്‍വലിച്ച് സമിതിയുണ്ടാക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. സമരത്തിന് ഖാലിസ്ഥാന്‍ ഗ്രൂപ്പുകളുടെ പിന്തുണയെന്ന സര്‍ക്കാര്‍ നിലപാടില്‍ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. കര്‍ഷക സമരത്തില്‍ ഇടപെടാന്‍ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്.

ഇതിനിടെ, കേരളത്തില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ എത്തിയ അഞ്ഞൂറോളം കര്‍ഷകര്‍ ഇന്ന് രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കും. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പഠിച്ച് നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍മാറി. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റായ ഭുപീന്ദര്‍ സിംഗ് മാന്‍ നേരത്തേ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്തയാളാണ്.

ഭൂപിന്ദര്‍ സിംഗിന് പുറമേ മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി രൂപീകരിച്ച സമിതി. കര്‍ഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് ഭുപീന്ദര്‍ സിംഗ് മാന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Top